കാസർകോട്: പിവി അൻവറിനുള്ള ജനപിന്തുണയിൽ ആശങ്ക വേണ്ടത് എൽഡിഎഫിനെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. അൻവർ ഉന്നയിച്ച പ്രശ്‌നങ്ങൾ ജനകീയ പ്രശ്‌നങ്ങളാണെങ്കിൽ യുഡിഎഫ് ഏറ്റെടുക്കുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. കാസർകോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പിവി അൻവർ എംഎൽഎയെ ലീഗിലേക്ക് ക്ഷണിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോൺഗ്രസുമായി കൂടി ആലോചിച്ചിട്ട് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പത്ത് കൊല്ലമായി ദുർഭരണമാണ് നടക്കുന്നത്.
അത് അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് ഒരേയൊരു വഴി യുഡിഎഫിനെ അധികാരത്തിലേറ്റുകയെന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായതുപോലെ കേരളത്തിലെ എണ്ണപ്പെട്ട നല്ല സര്‍ക്കാര്‍ തിരിച്ചു വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊലക്കേസ് പൂഴ്ത്തിവച്ചും സ്വർണ കള്ളക്കടത്ത് നടത്തിയും ഭരണം തുടരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. യുഡിഎഫിന്‍റെ കാലത്ത് തൃശൂർ പൂരത്തിനോ ശബരിമല ദർശനത്തിനോ ഒരു പ്രശ്‌നവും സംഭവിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.