ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടല്‍ ബാധിച്ച വയനാടിന്‍റെ പുനരധിവാസം സംബന്ധിച്ച് യോഗത്തിൽ ചർച്ച നടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേന്ദ്രം ആവശ്യപ്പെട്ട കൂടുതൽ വിശദമായ മെമ്മോറാണ്ടവും സംസ്ഥാന സർക്കാർ സമർപ്പിച്ചിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ മൂലകാരണം കാലാവസ്ഥ വ്യതിയാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 17ന് പറഞ്ഞിരുന്നു. 'വയനാട് ദുരന്തത്തിന്‍റെ മൂലകാരണം കാലാവസ്ഥ വ്യതിയാനമാണ്. ഈ പ്രതിഭാസം നേരിട്ട് ബാധിക്കുന്ന ഒന്നാണ് കാർഷിക മേഖല.
കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയിലുണ്ടാക്കുന്ന ആഘാതവും അതിനെ മറികടക്കാൻ ആവശ്യമായ നടപടികളും ചർച്ച ചെയ്യുന്നതിലാണ് നമ്മുടെ പ്രാഥമിക ശ്രദ്ധ.'- കർഷക ദിനാചരണം ഉദ്ഘാടനം ചെയ്‌ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിൽ നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിന് കാരണമായത് മനുഷ്യ നിര്‍മിതമായ കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് 10 ശതമാനം കനത്ത മഴ പെയ്‌തതാണ് എന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു. ജൂലായ് 30ന് പുലർച്ചെ പെയ്‌ത അതിശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് അന്താരാഷ്‌ട്ര ഗവേഷകരുടെ കൂട്ടായ്‌മയായ വേൾഡ് വെതർ ആട്രിബ്യൂഷൻ (WWA) നടത്തിയ പഠനവും പറയുന്നു.
Also Read : 'വയനാട് ദുരന്തത്തെ കേരളം നേരിട്ടത് ഒറ്റക്കെട്ടായി'; അപശബ്‌ദങ്ങൾ ആരും മുഖവിലക്കെടുത്തില്ലെന്ന് മുഖ്യമന്ത്രി