കോഴിക്കോട്: രാഹുൽ ഗാന്ധി എന്തുകൊണ്ട് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നില്ല എന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ മുന്നണി നേതാവായ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ പോരാടാതെ എൽഡിഎഫിനെതിരെ മത്സരിക്കുന്നതിൽ എന്താണ് അർത്ഥമെന്നും കോഴിക്കോട് നടന്ന പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി ചോദിച്ചു.
മണിപ്പൂർ വിഷയത്തിൽ രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെട്ട ആളാണ് ആനി രാജയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളിലും ആനി രാജ ഉണ്ട്. അവർക്കെതിരെയാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. ഇത് ഇന്ത്യമുന്നണിയിൽ വലിയ ചോദ്യ ചിഹ്നമാണെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.
കോൺഗ്രസ് ഇതര പാർട്ടി നേതാക്കളെ ബിജെപി വേട്ടയാടുമ്പോൾ കോൺഗ്രസും ആ വേട്ടക്ക് ഒപ്പം നിൽക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെജ്രിവാളിന് എതിരായ ഇഡി നീക്കങ്ങൾക്ക് വഴിവെച്ചത് കോൺഗ്രസാണ്. കെജ്രിവാളിനെതിരെ നേരത്തെ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയി എന്ന് പറയാനുള്ള ആർജവം കോൺഗ്രസ് കാണിക്കണമെന്നും പിണറായി പറഞ്ഞു.
ബിജെപി ഇതര സർക്കാരുകൾക്കെതിരെ തങ്ങളുടെ അജണ്ട കേന്ദ്ര സർക്കാർ നടപ്പിലാക്കുകയാണ്. ഡൽഹിയിലെ റാലി ബിജെപിക്കുള്ള മുന്നറിയിപ്പും കോൺഗ്രസിനുള്ള അനുഭവപാഠവുമാണ്.
സിഎഎ എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കും. എന്നാൽ കോൺഗ്രസിന് അഭിപ്രായം പോലും പറയാൻ കഴിയുന്നില്ല. ആര്‍എസ്എസ് അജണ്ട കേന്ദ്ര സര്‍ക്കാര്‍ തീവ്രമായി നടപ്പാക്കുകയാണ്. ഇന്ത്യ മുന്നണി മഹാറാലി പ്രാധാന്യം അർഹിക്കുന്നതാണ്. ബിജെപിക്കുള്ള വലിയ മുന്നറിയിപ്പാണത്. റാലിയില്‍ വലിയ ജനപങ്കാളിത്തത്തിൽ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊള്ളണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.