കാസർകോട് : മലയാളത്തിന് അഭിമാനമായ ഒരുപാട് സാഹിത്യകാരന്മാരുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്നതും മൺമറഞ്ഞുപോയതുമായ പലരെയും വരും തലമുറയ്‌ക്ക് സുപരിചതരാക്കുകയാണ് കാസർകോട്ടെ ഒരു സ്‌കൂൾ. കാസർകോട് കോളിയടുക്കം ഗവൺമെൻ്റ് യുപി സ്‌കൂളിലാണ് ഈ അപൂർവ കാഴ്‌ച.
തകഴിയും, കുഞ്ഞുണ്ണിമാഷും, സുഗത കുമാരി ടീച്ചറും, വൈക്കം മാധവിക്കുട്ടിയും എംടിയും ബേപ്പൂർ സുൽത്താൻ ബഷീറുമടക്കം മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്മാർ കുട്ടികളെ നോക്കി പുഞ്ചിരിതൂകി നിൽക്കുകയാണ്. എഴുത്തുകാരെയും അക്ഷരങ്ങളെയുമറിഞ്ഞ് സ്നേഹത്തിൻ്റെ നന്മയുടെ പാഠങ്ങൾ ഉരുവിട്ട് പുതു തലമുറ ഇവിടെ വളരുന്നു. വായനാ വാരത്തിൻ്റെ ഭാഗമായാണ് സ്‌കൂളിൽ സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ ഒരുക്കിയത്.
ഒന്നും രണ്ടുമല്ല ഇരുപത്തി രണ്ടോളം ചിത്രങ്ങൾ. കോളിയടുക്കം സ്‌കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിന്‍റെ പണി പൂർത്തിയായപ്പോഴാണ് തൂണുകൾ കാലിയായി കിടക്കുന്നതിൽ ഒരു അപാകത സ്‌കൂൾ അധികൃതർക്ക് തോന്നിയത്. പ്രധാന അധ്യാപകൻ മറ്റു സഹപ്രവർത്തകരുമായി ആലോചിച്ചു. അങ്ങനെ ആണ് തൂണുകളിൽ സാഹിത്യകാരന്മാരെ വരയ്ക്കാം എന്ന ആശയം ഉണ്ടായത്. എന്നാൽ അവരുടെ കഥകളിലെയും കവിതകളിലെയും ഏതു വരികൾ എഴുത്തണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി.
പിന്നീട് ചിത്രകാരൻ ദേവദാസ് പെരിയയുമായി സംസാരിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ഒഎൻവി കുറുപ്പും തകഴിയും എംടിയുമെല്ലാം തൂണുകളിൽ ഇടം പിടിച്ചു. പുസ്‌തകങ്ങളിൽ മാത്രം കണ്ട മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരെ അടുത്തുകണ്ടതിന്‍റെ സന്തോഷം കുട്ടികൾക്കും ഉണ്ടായിരുന്നു. കുട്ടികളെ ഏറെ സ്നേഹിക്കുന്ന നമ്മുടെ സാഹിത്യകാരന്മാർ അവരുടെ കളിയും ചിരിയും കുസൃതിയും കണ്ട് നിറഞ്ഞു നിൽക്കട്ടെ.