കോഴിക്കോട്: നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വിവാദ നടപടികള്‍ക്കെതിരെ സമർപ്പിച്ച ഹര്‍ജി ന്യൂനപക്ഷ കമ്മിഷൻ ഫയലില്‍ സ്വീകരിച്ചു. കമ്മിഷൻ ചെയർമാൻ അഡ്വ. എ എ റഷീദ്, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡയറക്‌ടർ, രജിസ്ട്രാർ, മാനവ വിഭവ ശേഷി മന്ത്രാലയം ഡയറക്‌ടർ ജനറല്‍ എന്നിവരോട് റിപ്പോർട്ട് തേടി.
ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ഡോ. അൻവർ നാസർ സമർപ്പിച്ച ഹര്‍ജിയിന്മേലാണ് നടപടി സ്വീകരിച്ചത്.
എൻഐടി ലൈബ്രറിയില്‍ നിന്ന് വേദഗ്രന്ഥങ്ങളായ ഖുർആൻ, ബൈബിള്‍ എന്നിവയും അവയുടെ പരിഭാഷകളും ഒഴിവാക്കിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എൻഐടി സമീപകാലത്ത് സ്വീകരിക്കുന്ന പല നടപടികളും രാജ്യത്തിന്‍റെ പാരമ്പര്യത്തിനും പൈതൃകത്തിനും നിരക്കാത്തതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ALSO READ: എഐ ഉപയോഗിച്ച് സുസ്ഥിര നഗര വികസനം; കോഴിക്കോട് എൻഐടിയില്‍ സെന്‍റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കും