എറണാകുളം : പെരുമ്പാവൂരിലെ നിയമ വിദ്യാർഥി ജിഷ വധക്കേസിലെ ഇന്നത്തെ ഹൈക്കോടതി വിധി പ്രതി അമീർ ഉല്‍ ഇസ്‌ലാമിന് നിർണായകം. വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയും, കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയുക. ഉച്ചയ്ക്ക് 1.45 നാണ് ജസ്‌റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസിൽ വിധി പറയുക.
2017 ഡിസംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീർ ഉല്‍ ഇസ്‌ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമായിരുന്നു വിചാരണ കോടതി സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്.
ജിഷ വധക്കേസ്; നാൾവഴികൾ : 2016 ഏപ്രില്‍ 28 നായിരുന്നു പെരുമ്പാവൂരിൽ നിയമ വിദ്യാർഥി പീഡനത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയെ കുറിച്ച് യാതൊരു സൂചനയുമില്ലാതെ പൊലീസ് ആദ്യഘട്ടത്തിൽ പ്രതിയെ കണ്ടത്താനാകാതെ വലയുകയായിരുന്നു. സംഭവ സ്ഥലം സീൽ ചെയ്യുന്നത് ഉൾപ്പടെ ആദ്യഘട്ടത്തിൽ പൊലീസിന് സംഭവിച്ച വീഴ്‌ച വലിയ വിമർശനങ്ങൾക്ക് കാരണമായി.
2016ലെ നിയമസഭ തെരെഞ്ഞെടുപ്പിലടക്കം ഇതൊരു രാഷ്ട്രീയ വിഷയമായി പ്രതിപക്ഷം ഉയർത്തി കൊണ്ടുവന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും നാട്ടുകാരെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹത്തിൽ കണ്ട പ്രതിയുടെ പല്ല് അടയാളം തിരിച്ചറിയാൻ നിരവധിയാളുകളെ പച്ചമാങ്ങ കടിപ്പിച്ച് വരെ പൊലീസ് അന്വേഷണം നടത്തി. സംഭവ ശേഷം പെരുമ്പാവൂർ വിട്ടുപോയ ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.
ആഴ്‌ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16 നാണ് അസം സ്വദേശിയായ അമീർ ഉല്‍ ഇസ്‌ലാം പിടിയിലായത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രതിയുടെ ഡിഎൻഎ പരിശോധനയുൾപ്പടെ നടത്തി ശാസ്ത്രീയമായി സ്ഥിരീകരിച്ചാണ് പ്രതി അമീറുൽ ആണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചത്.
2016 ജൂൺ 28 ന് പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. കൊലപാതക ശേഷം പ്രതി ഒഴിഞ്ഞ പറമ്പിലേക്കു വലിച്ചെറിഞ്ഞ കത്തിയിലെ രക്തക്കറ നിയമ വിദ്യാർഥിനിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. 2016 സെപ്റ്റംബർ 17 ന് കോടതിയിൽ 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഏക പ്രതി അമീർ ഉല്‍ ഇസ്‌ലാമിനെതിരെയായിരുന്നു ബലാത്സംഗം, കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
2016 നവംബർ മാസത്തിൽ എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. ബലാത്സംഗം ഉൾപ്പെടെ ആരോപിക്കപ്പെട്ട കേസിൽ 2017 മാർച്ചിൽ അടച്ചിട്ട കോടതി മുറിയിൽ രഹസ്യ വിചാരണ നടത്താൻ കോടതി ഉത്തരവ് നൽകി. പ്രോസിക്യൂഷൻ സാക്ഷികളായ നൂറ് പേരെ കോടതി വിസ്‌തരിച്ചു. 293 രേഖകളും 36 തൊണ്ടി മുതലുകളും പരിശോധിച്ചു. പ്രതിഭാഗം ഹാജരാക്കിയ അഞ്ച് സാക്ഷികളെയും കോടതി സാക്ഷിവിസ്‌താരം നടത്തി.
2017 ഡിസംബറിൽ അന്തിമവാദം പൂർത്തിയാക്കി. പ്രതി നിയമ വിദ്യാർഥിയുടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതി അമീർ ഉല്‍ ഇസ്‌ലാമിന് പ്രിൻസിപ്പൽ സെഷൻസ് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുകയും ചെയ്‌തു.