കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് അനു എന്ന 26കാരിയെ തോട്ടിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ കൊടുംകുറ്റവാളി. ഇയാൾ 30 കൊല്ലമായി കൊലപാതകവും മോഷണവും നടത്തിവരികയാണെന്നാണ് പൊലീസ് പറയുന്നത്. വിവിധ സ്റ്റേഷനുകളിലായി 55ഓളം കേസുകളിലെ പ്രതിയാണ് മുജീബ്.
പത്തൊൻപതാം വയസിൽ ചെറിയ മോഷണങ്ങൾ നടത്തിയാണ് തുടക്കം. പിന്നീട് പിടിച്ചുപറിയും ബലാത്സംഗവും. കാസർകോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. എന്നിട്ടും ഇപ്പോഴും ലൈവായി 'പണി' തുടരുന്നു എന്നതാണ് അമ്പരിപ്പിക്കുന്ന വസ്‌തുത.
തെളിവുകൾ ഇല്ലാത്തതിന്‍റെ പേരിൽ പല കേസുകളിൽ നിന്നും മുജീബ് നിഷ്‌പ്രയാസം ഊരിവന്നു. ചിലതൊക്കെ ഒത്തുതീർപ്പാക്കി, എന്നാൽ ഇപ്പോഴും വിചാരണ നടക്കുന്ന കേസുകൾ വേറെയുമുണ്ട്. വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാം പ്രതിയായ മുജീബ് ഇപ്പോൾ ജാമ്യത്തിലാണ്.
2020 സെപ്‌തംബറിലാണ് കോഴിക്കോട് മുത്തേരിയിലെ ബലാത്സംഗക്കേസ് നടക്കുന്നത്. മുത്തേരിയില്‍ ജോലിക്ക് പോവുകയായിരുന്ന വയോധികയെ മോഷ്‌ടിച്ച ഓട്ടോയിലെത്തി, അതില്‍ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്‌ത് കവർച്ച നടത്തി എന്നതായിരുന്നു കേസ്. അറസ്റ്റിലായ മുജീബ് വെസ്റ്റ്ഹിൽ കൊവിഡ് ഫസ്റ്റ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ നിന്ന് രക്ഷപ്പെട്ടു.
പിന്നീട് കൂത്തുപറമ്പിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഈ കേസില്‍ ഒന്നരവർഷം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് അനുവിന്‍റെ കൊല നടത്തിയിരിക്കുന്നത്. മുത്തേരി കേസാണ് അനുവിന്‍റെ കൊലപാതകത്തില്‍ മുജീബ് പിടിക്കപ്പെടുന്നതിലേക്ക് വഴി തെളിയിച്ചത്.
Also read: പേരാമ്പ്രയിലെ അനുവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; പ്രതി കൊടുംകുറ്റവാളി
കുപ്രസിദ്ധ വാഹനമോഷ്‌ടാവ് വീരപ്പൻ റഹീമിന്‍റെ കൂടെയായിരുന്നു മുജീബ് ഏറെക്കാലം. നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായിരുന്നു വീരപ്പൻ റഹീം. പിന്നീട് ഇയാളുമായി പിരിഞ്ഞ് മുജീബ് തനിയെ വാഹനമോഷണം തുടങ്ങി.
ഇത്രയധികം കുറ്റകൃത്യങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കിലും ചുരുക്കം കേസുകളില്‍ മാത്രമാണ് മുജീബ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ കേസോടെ മുജീബിനെ എന്നന്നേക്കുമായി പൂട്ടുമെന്നാണ് പൊലീസ് പറയുന്നത്.