ഇടുക്കി : പീരുമേട്ടിലെ യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ അമ്മയും സഹോദരനും അറസ്‌റ്റിലായി. പ്ലാക്കത്തടം സ്വദേശി അഖിൽ ബാബുവിനെയാണ് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (സെപ്‌റ്റംബർ 3) വീടിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പീരുമേട് പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
വീടിന് സമീപത്ത് പ്ലാസ്‌റ്റിക് ഹോസ് ഉപയോഗിച്ച് കവുങ്ങിൽ കെട്ടിയിട്ട നിലയിലായിരുന്നു അഖിലിനെ കണ്ടെത്തിയത്. നാട്ടുകാർ അഖിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം എന്ന് സൂചന ലഭിച്ചതോടെയാണ് അഖിലിന്‍റെ സഹോദരൻ അജിത്തിനെയും അമ്മ തുളസിയേയും പൊലീസ് ചോദ്യം ചെയ്‌തത്. പരസ്‌പര വിരുദ്ധമായ ഉത്തരങ്ങൾ പറഞ്ഞ ഇരുവരും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. പീരുമേട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളമാണ് ഇരുവരെയും ചോദ്യം ചെയ്‌തത്.
ടിവി കാണുന്നതുമായി ബന്ധപ്പെട്ട് അഖിലും അജിത്തും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിന് ഒടുവിൽ അജിത്ത് കമ്പി വടിക്ക് ഉപയോഗിച്ച് അഖിലിൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തർക്കം തടയാൻ എത്തിയ അമ്മ തുളസിയെ തള്ളിയിട്ടതോടെ പ്രകോപനത്തിന് ഇടയാക്കി. തുടർന്ന് ബോധരഹിതനായ അഖിലിനെ അജിത്ത് വലിച്ചിഴച്ച് വീടിന് സമീപത്തെ കവുങ്ങിൽ കെട്ടിയിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്ന് കണ്ടെത്തി. സംഭവത്തിൽ അജിത്ത് ഒന്നാം പ്രതിയും തുളസി രണ്ടാം പ്രതിയുമാണ്. കുറ്റം സമ്മതിച്ച അജിത്തിനെ പ്ലാക്കത്തടത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പീരുമേട് ഡിവൈഎസ്‌പി വിശാൽ ജോൺസൺ, സിഐ ഗോപി ചന്ദ്രൻ, എസ്ഐ ജെഫി ജോർജ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
കൊലപാതകം മറച്ചുവക്കാൻ ശ്രമിച്ചതിനാണ് അമ്മ തുളസിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരെയും വൈദ്യ പരിശേധനയ്ക്ക് ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.