പത്തനംതിട്ട: ലോക്‌സഭ മണ്ഡലത്തിലെ ആറന്മുളയിൽ കള്ളവോട്ട് നടന്നുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ നടപടി. രണ്ട് പോളിങ് ഉദ്യോഗസ്ഥരെയും ബൂത്ത് ലെവല്‍ ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്‌തു. പോളിങ് ഓഫീസര്‍മാരായ ദീപ, കല എസ് തോമസ്, ബിഎല്‍ഒ അമ്പിളി എന്നിവര്‍ക്കെതിരെയാണ് നടപടി. ആറുവര്‍ഷം മുൻപ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്‌തു എന്നായിരുന്നു പരാതി.
മെഴുവേലി ഗ്രാമ പഞ്ചായത്തിൽ കാരിത്തോട്ട സ്വദേശി വാഴയില്‍ വടക്കേചരുവില്‍ 94 വയസുള്ള അന്നമ്മ ജോർജിന്‍റെ പേരില്‍ 64 വയസുള്ള മരുമകള്‍ അന്നമ്മ മാത്യു കള്ളവോട്ട് ചെയ്തെതെന്നാണ് പരാതി. വോട്ട് ചെയ്യാൻ വാർഡ് അംഗവും ബിഎല്‍ഒയും ഒത്തുകളിച്ചെന്നാണ് എൽഡിഎഫ് കളക്‌ടർക്ക് നല്‍കിയ പരാതിയിലുള്ളത്.
94 വയസുകാരി അന്നമ്മ ജോർജ് 6 വർഷം മുൻപ് മരിച്ചു. ഇവരുടെ പേരിലാണ് വീട്ടില്‍ വോട്ടിനു വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചിരുന്നത്. ഇതനുസരിച്ച് കഴിഞ്ഞ 18-ാം തീയതി ബിഎല്‍ഒയും വാർഡ് അംഗവും ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി. മരിച്ച 94 കാരി അന്നമ്മ ജോർജിന്‍റെ പേരില്‍ ലഭിച്ച അപേക്ഷയിൽ ഇവരുടെ മരുമകള്‍ 72 കാരിയായ അന്നമ്മ മാത്യു വോട്ട് രേഖപ്പെടുത്തി എന്നും എല്‍ഡിഎഫ് നല്‍കിയ പരാതിയിൽ ഉണ്ട്.
രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കും. അതിനുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുമെന്നും വരണാധികാരിയായ ജില്ലാ കലക്‌ടര്‍ അറിയിച്ചു.
Also Read: പത്തനംതിട്ടയിൽ കള്ളവോട്ട് പരാതി: മരിച്ച സ്‌ത്രീയുടെ പേരിൽ മരുമകൾ വോട്ട് ചെയ്‌തെന്ന് എൽഡിഎഫ്