പത്തനംതിട്ട: കെപി റോഡിൽ പട്ടാഴിമുക്കില്‍ കണ്ടെയ്‌നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി രണ്ട് പേർ മരിച്ച അപകടത്തിൽ കണ്ടെയ്‌നർ ലോറി ഡ്രൈവറെ കേസില്‍ നിന്നും ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കി. കണ്ടെയ്‌നർ ലോറി ഡ്രൈവർ ഹരിയാന സ്വദേശി റംസാനെതിരെ ആദ്യം മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. വെറുമൊരു അപകടം അല്ല മറിച്ച് അമിതവേഗതയില്‍ മനപ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസില്‍നിന്ന് ഒഴിവാക്കിയത്.
നൂറനാട് സ്വദേശിനിയും ആധ്യാപികയുമായ അനുജ രവീന്ദ്രനും (37), ചാരുംമൂട് സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ ഹാഷിമും (31) മരിച്ച അപകടത്തിലാണ് ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിരുന്നത്. വ്യാഴാഴ്‌ച രാത്രി 11 മണിക്ക് ശേഷം ആയിരുന്നു അപകടം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
അപകടം ഉണ്ടാക്കിയ കാറും കണ്ടെയ്‌നർ ലോറിയും മോട്ടോർ വാഹന ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. കാർ അമിത വേഗതയിൽ ലോറിയിലേക്ക് വന്നിടിക്കുകയായിരുന്നു. കാറിന്‍റെ ബ്രേക്ക് ഉപയോഗിച്ച പാടുകൾ റോഡിൽ വ്യക്തമല്ല. ഹാഷിമും അനുജയും സീറ്റ് ബെൽറ്റ് ഉപയോഗിച്ചിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
ഹാഷിമും അനുജയും ഒരു വർഷത്തോളമായി പരിചയത്തിലായിരുന്നു എന്നാണ് വിവരം. ഇവർ തമ്മിൽ മൊബൈലില്‍ ചാറ്റ് ചെയ്യാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ലഭിച്ച അനുജയുടെ ഒരു ഫോണും, ഹാഷിമിന്‍റെ 2 ഫോണുകളും സൈബർ സെൽ വിശദമായി പരിശോധിച്ച് വരികയാണ്.
അനുജയുടെയും ഹാഷിമിന്‍റെയും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. അനുജയെ ഹാഷിം സാമ്പത്തികമായി ചൂഷണം ചെയ്‌തതായി സംശയമുണ്ടെന്നും അധികൃതർ അറിയിച്ചു. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു പാതിവഴിയില്‍ വച്ച് അനുജയെ ഹാഷിം നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്. സഹോദരനെന്ന് കളവു പറഞ്ഞായിരുന്നു അനുജ ഇറങ്ങിപ്പോയത്.
ട്രാവലറില്‍ ഉണ്ടായിരുന്ന അധ്യാപകർ അനുജയോട് ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. പിന്നീടാണ് അപകടം നടന്നത്. കൂടുതല്‍ കാര്യങ്ങള്‍ അറിയാൻ അനുജയുടെയും ഹാഷിമിന്‍റെയും ബന്ധുക്കളിൽ നിന്ന് പൊലീസ് വിവരങ്ങൾ തിരക്കുന്നുണ്ട്. അനുജയുടെ സഹ അധ്യാപകരുടെ വിശദമായ മൊഴിയെടുപ്പും തുടരുകയാണ്.