ഇടുക്കി : കടുത്ത വേനലില്‍ കാര്‍ഷിക മേഖല തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോഴും പാഷന്‍ ഫ്രൂട്ട് കൃഷിയിലൂടെ നേട്ടം കൊയ്യുകയാണ് ഇടുക്കി നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി തയ്യില്‍ ജിന്‍റോ. രണ്ട് ഏക്കര്‍ ഭൂമിയിലെ കൃഷിയില്‍ നിന്നും ആഴ്‌ചയില്‍ 150 കിലോയോളം പാഷന്‍ ഫ്രൂട്ടാണ് ഈ യുവ കര്‍ഷകന്‍ ഉത്പാദിപ്പിക്കുന്നത്. വേനല്‍ച്ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ പാഷൻ ഫ്രൂട്ടിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചു.
പാഷന്‍ ഫ്രൂട്ടിന് വിപണിയില്‍ ലഭിയ്ക്കുന്ന സ്വീകാര്യത മൂലം നിരവധി കര്‍ഷകരാണ്, ഇതിലേക്ക് തിരിഞ്ഞിരിയ്ക്കുന്നത്. ഹൈബ്രിഡില്‍പ്പെട്ട മഞ്ഞയും നീലയും നിറമുള്ള ഇനങ്ങളാണ് ജിന്‍റോയുടെ കൃഷിയിടത്തില്‍ ഉള്ളത്. താരതമ്യേന ചെലവ് കുറഞ്ഞ കൃഷിയായതിനാല്‍, പരിപാലനം പൂര്‍ണമായും ഒറ്റയ്ക്കാണ് ഈ കര്‍ഷകന്‍ ചെയ്യുന്നത്.
കീട നിയന്ത്രണത്തിനും വളപ്രയോഗത്തിനും ചെലവ് കുറവാണ്. നിലവില്‍ കിലോഗ്രാമിന് 70 രൂപ വരെ വില ലഭിയ്ക്കുന്നുണ്ട്. എറണാകുളത്ത് നിന്ന് കച്ചവടക്കാര്‍ നേരിട്ടെത്തി ശേഖരിയ്ക്കും. നാട്ടുകാരും കൃഷിയിടത്തില്‍ എത്തി, പാഷന്‍ ഫ്രൂട്ട് വാങ്ങുന്നുണ്ട്.