കോഴിക്കോട് : കെഎസ്ആർടിസി ബസ് വീടിന് മുമ്പിൽ എത്തിയപ്പോൾ ബെല്ലടിച്ചിട്ടും നിർത്തിയില്ല എന്ന കാരണത്തിൽ ഡ്രൈവറുടെ കഴുത്തിനു പിടിച്ച് യാത്രക്കാരൻ. പിറകിൽ നിന്നും ഡ്രൈവറുടെ കഴുത്തിന് അപ്രതീക്ഷിതമായി ആക്രമണം നേരിട്ടതോടെ ബസ് റോഡിൽ നിന്ന് തെന്നിമാറി. തിരുവമ്പാടി കക്കാടംപൊയിൽ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കഴുത്തിന് പരിക്കേറ്റ ഡ്രൈവർ കക്കാടംപൊയിൽ കുന്നും വാഴപ്പുറത്ത് പ്രകാശനെ(43) മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട മങ്കയം ഉഴുന്നാലിൽ അബ്രഹാമിൻ്റെ (70) പേരിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ പറയുന്നത് ഇങ്ങനെ : സ്‌റ്റോപ്പ് കഴിഞ്ഞതിനുശേഷം ഇദ്ദേഹം സ്വയം ബെല്ലടിക്കുകയായിരുന്നു. വളവ് തിരിവുകൾ ഉള്ള വീതി കുറഞ്ഞ ഇടം ആയതും എതിരെ നിരവധി ടിപ്പറുകൾ കടന്നു വന്നതും കാരണമാണ് നിർത്താൻ പറ്റാതിരുന്നത്. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.
ബഹളം വയ്ക്കുകയൊന്നും ചെയ്യാതെ അക്രമിയുടെ പൊടുന്നനെയുള്ള കയ്യേറ്റം പ്രതീക്ഷിച്ചിരുന്നില്ല. പിറകുവശത്തിലൂടെയുള്ള പിടിവലി മാനസിക ആഘാതം ഉണ്ടാക്കിയതായും ഡ്രൈവർ പറഞ്ഞു.
അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായതോടെ ഓടിക്കൊണ്ടിരുന്ന ബസ് റോഡിൽ നിന്നും അൽപ്പ ദൂരം തെന്നിമാറി. ഡ്രൈവറുടെ സമയോചിത ഇടപെടൽ കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത് എന്ന് മറ്റ് യാത്രക്കാര്‍ പറഞ്ഞു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി എങ്കിലും അക്രമി ഓടി രക്ഷപ്പെട്ടു. കെഎസ്ആർടിസി തിരുവമ്പാടി ഓപ്പറേറ്റിങ് സെന്‍ററിലെ ബസ് ആണ് ഇത്.
Also Read : കെഎസ്‌ആർടിസി ബസില്‍ പിറന്ന കുഞ്ഞിന് പേരിട്ടു - BABY BORN IN KSRTC