എറണാകുളം : ആക്രമണകാരികളായ 23 ഇനം നായകളുടെ വിൽപ്പനയും പ്രജനനവും നിരോധിച്ചുള്ള കേന്ദ്ര സർക്കാർ ഉത്തരവിന് ഭാഗികമായി സ്റ്റേ. ഹൈക്കോടതിയാണ് ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്‌തത്. അതേസമയം നായകളുടെ വിൽപ്പനയ്‌ക്കും ഇറക്കുമതിയ്‌ക്കും ഉള്ള നിരോധനം തുടരും.
കർണാടക, കൊൽക്കത്ത ഹൈക്കോടതികൾ കേന്ദ്ര സർക്കാർ ഉത്തരവ് നേരത്തെ ഭാഗികമായി സ്റ്റേ ചെയ്‌തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കേരള ഹൈക്കോടതിയുടെ നടപടി. മാർച്ച് 12ന് ആണ് അപകടകാരികളെന്ന് വിലയിരുത്തി ഇരുപത്തി മൂന്നിനം നായകളുടെ ഇറക്കുമതിയും വിൽപ്പനയും അതോടൊപ്പം പ്രജനനവും നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.
തുടർന്ന് എറണാകുളം, തിരുവനന്തപുരം സ്വദേശികളായ മൂന്ന് നായ സ്‌നേഹികളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, കേന്ദ്ര ഫിഷറീസ്, മൃഗ സംരക്ഷണ വകുപ്പ് എന്നീ എതിർ കക്ഷികൾക്ക് ജസ്റ്റിസ് ടി ആർ രവിയുടെ ബഞ്ച് നോട്ടിസ് അയച്ചു. വേനലവധിക്ക് ശേഷം ഹർജി കോടതി പരിഗണിക്കും.
അതേസമയം പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, മാസ്റ്റിഫ് തുടങ്ങിയ 23 ഇനം അപടകടകാരികളായ നായ്ക്കളുടെ വിൽപ്പനയും പ്രജനനവും നിരോധിക്കാനാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. വളർത്തുനായകളുടെ ആക്രമണത്തിൽ ആളുകൾ മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. കേന്ദ്ര നിർദേശത്തിനെതിരെ മൃഗ സ്‌നേഹികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. നായകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടതെന്നാണ് ഇവരുടെ ആവശ്യം.
ALSO READ: 23 ഇനം നായ്ക്കളെ നിരോധിക്കാനുള്ള കേന്ദ്ര നിർദേശം : പ്രതിഷേധവുമായി മൃഗ സ്‌നേഹികളുടെ സംഘടന