കണ്ണൂർ: വലിയ യാത്ര ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കോടികൾ മുടക്കി ഒരുക്കിയ പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡിന്റെയും രണ്ട് മേൽപ്പാലങ്ങളുടെയും ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. പതിയെ പോയാൽ നിങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താം, അല്ലെങ്കിൽ ജീവൻ നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥയാണ്.
120 കോടിയോളം രൂപ ചെലവഴിച്ച് 21 കിമീ ദൈർഘ്യമുള്ള റോഡിന് ഹൈടെക് എന്ന ഓമന പേരിട്ട് 2018ലാണ് തുറന്ന് കൊടുത്തത്. വർഷം ആറ് പിന്നിട്ടതെ ഉള്ളൂ, ആ റോഡിന്റെയും രണ്ട് മേൽപ്പാലങ്ങളുടെയും അപാകം ഇപ്പോൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ച് യാത്ര ദുസഹമാകുകയാണ്.
പിലാത്തറ മുതൽ പാപ്പിനിശ്ശേരി വരെയുള്ള റോഡ് പരിശോധിച്ചാൽ എണ്ണിയാൽ ഒടുങ്ങാത്ത കുഴികളാണ് വാഹനയാത്രക്കാരെ കുഴക്കുന്നത്. പാപ്പിനിശ്ശേരി, പാപ്പിനിശ്ശേരി വെസ്റ്റ്, കരിക്കൻ കുളം, കൊട്ടപ്പാലം, ഇരിണാവ്, കണ്ണപുരം, കൊവ്വപ്പുറം, താവം തുടങ്ങിയ വിവിധ ഭാഗങ്ങളിലെ റോഡുകളിലെ കുഴികൾ എണ്ണിയാൽ തീരില്ല. പല സ്ഥലത്തും മീറ്ററുകളുടെ ദൂരത്തിൽ റോഡാകെ തകർന്ന അവസ്ഥയിലാണ്. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
അമിത വേഗത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ഇവിടെ ദിനംപ്രതി കൂടി വരികയാണ്. ദേശീയപാത വികസന പ്രവൃത്തികൾക്കിടയിൽ ചരക്ക് ലോറികളും ദീർഘദൂര യാത്രക്കാരും പിലാത്തറ മുതൽ വളപട്ടണം ദേശീയപാത വരെ എത്തുന്നതിനായി കെഎസ്ടിപി റോഡിനെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ദേശീയപാത വഴി ഒഴിവാക്കിയാൽ ആറു കിലോമീറ്ററോളം ദൂരം കുറഞ്ഞ് കിട്ടുന്നതാണ് വാഹന യാത്രക്കാരെ കെഎസ്ടിപി റോഡിനെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്.
കെഎസ്ടിപി റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുത്തതിനുശേഷം 2022 ഡിസംബറിൽ 75 ലക്ഷം രൂപ ചെലവിട്ട് റോഡിന്റെ പല ഭാഗത്തും പുനർ ടാറിങ്ങും നടത്തിയിരുന്നു. എന്നാൽ രണ്ട് മേൽപാലവും അപാകത നിറഞ്ഞതാണെന്ന കാരണത്താൽ പൊതുമരാമത്ത് വകുപ്പ് പാലം ഏറ്റെടുക്കുന്ന തീരുമാനത്തിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നു. ഇന്ന് രണ്ട് മേൽപ്പാലത്തിന് മുകളിലെയും വെളിച്ചം നിലച്ചു. വൈദ്യുത തൂണുകൾ തുരുമ്പടിച്ചു ഏത് നേരത്തും നിലം പൊത്താവുന്ന അവസ്ഥയാണ്.
പൊട്ടിപ്പൊളിഞ്ഞ് കിടന്ന പാപ്പിനിശ്ശേരി പഴയങ്ങാടി കവല മുതൽ 500 മീറ്റർ നീളത്തില് കാട്ടിപ്പള്ളിക്ക് സമീപം വരെയും പാപിനിശ്ശേരി കവലയിൽ നിന്നും 11 കിലോമീറ്റർ അകലെ 600 മീറ്ററും 17 കിലോ മീറ്റർ അകലെ 600 മീറ്ററും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ 2021ൽ നവീകരിച്ചിരുന്നു.
കഴിഞ്ഞ വർഷം കെഎസ്ടിപി റോഡിന്റെ 21 കിമീറ്ററിൽ 1.7 കിമീ ദൈർഘ്യത്തിൽ മാത്രമാണ് മുക്കാൽ കോടി രൂപ ഉപയോഗിച്ച് മിനുക്കാൻ ശ്രമിച്ചത്. എന്നാൽ റോഡിന്റെ പല ഭാഗങ്ങളിലെ തകർച്ചയും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
Also Read: റോഡ് തകർന്നത് ചോദ്യം ചെയ്തു; പ്രദേശവാസിക്ക് കോൺട്രാക്ടറുടെ വധഭീഷണിയെന്ന് പരാതി