എറണാകുളം: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴിമാറ്റത്തിന് പിന്നാലെ വീണ്ടും വീഡിയോയുമായി യുവതി രംഗത്ത്. മൊഴിമാറ്റത്തിന് പിന്നിൽ രാഹുലിൻ്റെ വീട്ടുകാരുടെ സമ്മർദ്ദമാണെന്ന പിതാവിൻ്റെ വാദം തള്ളിയാണ് യുവതി യൂട്യൂബില്‍ വീഡിയോ പോസ്‌റ്റ് ചെയ്‌തത്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ആവർത്തിച്ച് യുവതി, ആരും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലന്നും വ്യക്തമാക്കി.
കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നു. വീട്ടിൽ നിൽക്കാൻ സാധിച്ചില്ല. സുരക്ഷിതയാണ് എന്ന് അമ്മയെ അറിയിച്ചതായും അച്‌ഛന്‍റെ പ്രതികരണം തന്നെ വിഷമിപ്പിച്ചതായും യുവതി വീഡിയോയില്‍ പറയുന്നു. രാഹുലിൻ്റെ വീട്ടിൽ നിന്ന് തനിക്ക് പരിക്കേറ്റിട്ടില്ലെന്നത് സ്ഥാപിക്കാൻ വിചിത്രമായ വാദങ്ങളും പരാതിക്കാരി ഉന്നയിച്ചു. ഭർത്താവ് രാഹുൽ ചാർജർ വയർ കഴുത്തിൽ മുറുക്കിയതിനെ തുടർന്നുണ്ടായ മുറിവെന്ന പേരിൽ മാധ്യമങ്ങൾക്കും പൊലീസിനും കാണിച്ച കഴുത്തിലെ അടയാളം അങ്ങിനെ ഉണ്ടായതല്ല.
കഴുത്തിലെ മുറിവുകളുടെ പാടുകൾ ജന്മനാ ഉള്ളതാണ്. കയ്യിലെ പാടുകൾ ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണ്. മുമ്പ് പറഞ്ഞതൊക്കെ പക്വത കുറവ് മൂലം സംഭവിച്ചതാണ്. രാഹുലുമായുണ്ടായ പ്രശ്‌നങ്ങൾക്ക് തങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂ. രാഹുലിനൊപ്പം ജീവിക്കേണ്ടത് താനാണ്. മാതാപിതാക്കൾ അല്ലെന്നും രാഹുൽ നിരപരാധിയാണന്നും ശിക്ഷിക്കപ്പെടാൻ പാടില്ലന്നും യുവതി പറഞ്ഞു. തൻ്റെ യൂട്യൂബ് വിഡിയോകളിൽ വരുന്നത് മോശം കമന്‍റുകളാണ്. കമന്‍റിൽ പൊങ്കാല ഇടുമെന്ന് അറിയാമായിരുന്നുവെന്നും 43 മിനിറ്റിൽ അധികം ദൈർഘ്യമുള്ള വീഡിയോയിൽ പറയുന്നു.
അതേസമയം പരാതിക്കാരിയായ യുവതിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാണെന്നുമുള്ള പിതാവിൻ്റെ പരാതിയിൽ വടക്കേക്കര പൊലീസാണ് അന്വേഷണം നടത്തുന്നത്. സമൂഹമാധ്യമങ്ങളിൽ യുവതി ദൃശ്യങ്ങൾ അപ് ലോഡ് ചെയ്‌തത് വിവിധ ലൊക്കേഷനുകളിൽ നിന്നാണന്ന് പൊലീസ് കണ്ടെത്തി. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് യുവതിയെ കണ്ടെത്താൻ ശ്രമിക്കുന്നത്.
Also Read: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; 'മകൾ മൊഴിമാറ്റിയത് സമ്മർദത്തിന് വഴങ്ങി', പരാതിക്കാരിയുടെ പിതാവ്