കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ, യുവതി മൊഴിമാറ്റി വീഡിയോ പുറത്ത് വിട്ടത് കേരള സംസ്ഥാനം വിട്ടതിന് ശേഷമെന്ന് പൊലീസ്. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡൽഹിയിൽ നിന്ന്. അതേസമയം പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.
താൻ സ്വമേധയാ വീട് വിടുന്നതായി വാട്‌സ്‌ആപ്പ് കോൾ വഴി യുവതി അച്ഛനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ഓഫിസിൽ ഒടുവിൽ എത്തിയത്. ലാപ്ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ഡൽഹിയിൽ എത്തിയ യുവതി വീഡിയോ റെക്കോർഡ് ചെയ്‌ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്‌തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഭർത്താവിനെ ന്യായീകരിച്ചും വീട്ടുകാരെ തള്ളിപ്പറഞ്ഞും യുവതി വീണ്ടും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് ആരുടെയും ഭീഷണി ഇല്ലെന്നും വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് അമ്മയെ അറിയിച്ചിട്ടെന്നും യുവതി പറഞ്ഞു. താൻ പരാതി പറയാത്തത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും യുട്യൂബ് പേജിലൂടെ പുറത്ത് വിട്ട വീഡിയോയിൽ യുവതി പറഞ്ഞു.
രഹസ്യമൊഴിയിൽ നുണ പറയേണ്ടി വന്നതിനാൽ വീണ്ടും സത്യാവസ്ഥ ബോധ്യപ്പെടുത്താൻ മജിസ്ട്രേറ്റ് കോടതി അവസരം തരണമെന്നാണ് യുവതിയുടെ ആവശ്യം. ബന്ധുക്കളിൽ ചിലരുടെ സമ്മർദം കാരണമാണ് ഭർത്താവുമായുള്ള തർക്കം ഈ രീതിയിൽ വഷളായതെന്നും യുവതി പറഞ്ഞു. മകളെ കാണാനില്ലെന്ന അച്ഛന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നു എന്ന് പറയുമ്പോഴാണ് യുവതി നിരന്തം വീഡിയോയുമായി രംഗത്തെത്തുന്നത്.
അതേസമയം കേസിലെ കുറ്റപത്രം എത്രയും വേഗത്തിൽ സമർപ്പിക്കാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. ഒന്നാം പ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും കുറ്റപത്രം നൽകുക. അതേസമയം, മൊഴിമാറ്റം കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും പെൺകുട്ടിയുടെ രഹസ്യമൊഴി (164) കേസിന് ബലം നൽകുന്നതാണെന്നും പൊലീസ് പറഞ്ഞു.
ALSO READ : പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; മൊഴിമാറ്റത്തിന് പിന്നാലെ വീണ്ടും യൂട്യൂബ് വീഡിയോയുമായി യുവതി