തിരുവനന്തപുരം : ശക്തി പ്രകടനവുമായെത്തി എൽഡിഎഫ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്‍റെ നാമനിർദേശ പത്രിക സമർപ്പണം. ജില്ലയിലെ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ല കളക്‌ടറുമായ ജെറോമിക് ജോർജ് മുമ്പാകെ പന്ന്യൻ രവീന്ദ്രൻ നാല് സെറ്റ് പത്രികകൾ സമർപ്പിച്ചു. മുൻ സ്‌പീക്കർ എം വിജയകുമാർ, ജില്ലയിലെ എൽഡിഎഫ് മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി, എംഎൽഎ മാരായ കെ അൻസലൻ, വി കെ പ്രശാന്ത്, നേതാക്കളായ മാങ്കോട് രാധാകൃഷ്‌ണൻ, നീലലോഹിതദാസൻ നാടാർ എന്നിവരും നാമനിർദേശ പത്രിക സമർപ്പണത്തിന് പന്ന്യൻ രവീന്ദ്രനെ അനുഗമിച്ചു.
രാവിലെ 11 മണിക്ക് കുടപ്പനക്കുന്ന് ജങ്‌ഷനിൽ നിന്നും കളക്‌ടറേറ്റിലേക്ക് ശക്തിപ്രകടനവുമായി എത്തിയായിരുന്നു നാമനിർദേശ പത്രിക സമർപ്പണം. പത്രിക സമർപ്പണത്തിന് മുന്നോടിയായി നിയമസഭയിലെ ഇ എം എസ് പ്രതിമ, പട്ടത്തെ എം എൻ ഗോവിന്ദൻ നായരുടെ പ്രതിമ, പാളയം രക്തസാക്ഷി മണ്ഡപം, സ്വദേശാഭിമാനി പ്രതിമ, ശ്രീനാരായണ ഗുരുദേവൻ്റെ പ്രതിമ, അയ്യങ്കാളി പ്രതിമ എന്നിവിടങ്ങളിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് കളക്‌ടറേറ്റിൽ എത്തിയതെന്ന് നാമനിർദേശ പത്രിക സമർപ്പണത്തിന് ശേഷം പന്ന്യൻ രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള സാഹചര്യമാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലുള്ളത്. മണ്ഡലത്തിൽ ത്രികോണ മത്സരമില്ല. മത്സരം യുഡിഎഫും - എൽഡിഎഫും തമ്മിലാണ്. വർഷങ്ങളായി ബിജെപി ഭരിക്കുന്ന വാർഡുകൾ എൽഡിഎഫ് തിരിച്ച് പിടിക്കുകയാണ്. കഴിഞ്ഞ തവണ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ആ സാഹചര്യമല്ല ഇപ്പോൾ. കാലം മാറിയെന്നും. വിജയിക്കുമെന്ന് കോൺഫിഡന്‍റ് ആണെന്നും പന്ന്യൻ മാധ്യമങ്ങളോട് പറഞ്ഞു.