പാലക്കാട്: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണനത്തിൽ ഇടപെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. പാലക്കാട് ജില്ലാ കലക്‌ടറോട് സംഭവത്തിൽ വിശദീകരണം തേടി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചാണ് വിശദീകരണം തേടിയിരിക്കുന്നത്.
എന്താണ് സംഭവിച്ചത് എന്നതിലെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി സിപിഎം പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം പൊലീസിനെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ആരോപണം. പാലക്കാട് നടന്ന റെയ്‌ഡ് യാതൊരു വിധ നടപടിക്രമങ്ങളും പാലിക്കാതെയായിരുന്നെന്നും സതീശൻ തന്‍റെ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് സമയത്തെ കള്ളപ്പണം ഒഴുക്ക് അന്വേഷിക്കണമെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ പറഞ്ഞു. 'രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതൊന്നും സത്യസന്ധമല്ല, കളവാണ് എന്ന് എല്ലാവർക്കും മനസിലായി. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ഒഴുക്കുക എന്ന അജണ്ടയാണ് ഉള്ളത്. ബിജെപിയും കോൺഗ്രസും കള്ളപ്പണം ഒഴുക്കുന്നുണ്ട്.
പൊലീസിന്‍റെ വീഴ്‌ചയല്ല ഇവിടെ ചർച്ച ചെയ്യേണ്ടത്. സർക്കാർ വിഷയം അന്വേഷിക്കണം. കള്ളപ്പണം ഒഴുക്ക് തടയാൻ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യണം. താമസിക്കാത്ത സ്ഥലത്ത് എന്തിന് വസ്ത്രം കൊണ്ടുവരുന്നു. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തത് എന്തോ മറയ്ക്കാൻ വേണ്ടിയാണ്. നുണ പറയുന്നവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും' എംവി ഗോവിന്ദൻ തൃശൂരിൽ പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതെല്ലാം കളവാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 'പാലക്കാട് ബിജെപി കോൺഗ്രസ് ധാരണയാണ്. പാലക്കാട് നടന്നത് സ്വാഭാവിക പരിശോധന മാത്രമായിരുന്നു. രാഹുൽ പറഞ്ഞത് മുഴുവന്‍ നുണയാണ്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ എല്ലാവർക്കും കാര്യങ്ങൾ മനസിലായി.
സംഭവത്തിൽ ദുരൂഹത ഉണ്ട്. കോൺഗ്രസ് എന്തൊക്കെയോ ഒളിക്കുന്നുണ്ട്. രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കോൺഗ്രസ് പാലക്കാട് ദുർബലമായി' എന്നും രാജീവ് പറഞ്ഞു.
ചൊവ്വാഴ്‌ച അർദ്ധരാത്രിയായിരുന്നു ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ റൂമിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. പാലക്കാട് കെടിഎം ഹോട്ടലിലായിരുന്നു പരിശോധന. വനിതാ നേതാക്കളായ മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്‌മാന്‍റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്‌ണയുടെയും ഉൾപ്പെടെ 12 മുറികളിൽ പൊലീസ് പരിശോധന നടത്തി.
മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരുന്നു റെയ്‌ഡ് എന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ പരിശോധനയിൽ അസ്വാഭാവികത ഒന്നും ഉണ്ടായിരുന്നില്ലെന്നും സിപിഎം നേതാക്കളുടെ ഉൾപ്പെടെ മുറികളിൽ പരിശോധന നടത്തിയതായും എഎസ്‌പി പ്രതികരിച്ചിരുന്നു. റെയ്‌ഡിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.