പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് ആവേശം ചൂടുപിടിക്കുകയാണ്. കഴിഞ്ഞ ദിവസം ബിജെപി കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പാലക്കാട്ടെ ചിത്രം വ്യക്തമായി കഴിഞ്ഞു. ഇതോടെ മൂന്ന് മുന്നണികളും തങ്ങളുടെ പ്രചാരണം ശക്തമാക്കി.
യുഡിഎഫിന്‍റെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർഥിത്വമായിരുന്നു ഇത്തവണ ആദ്യം പ്രഖ്യാപിച്ചത്. ഷാഫിയുടെ പിന്മുറക്കാരനായി കോൺഗ്രസ് ഗോദയിലിറക്കിയ രാഹുലിന് സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്ന വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഷാഫി പറമ്പിലിനും പികെ ഫിറോസിനും ഒപ്പമുള്ള റോഡ് ഷോയിലൂടെ ആയിരുന്നു രാഹുലിന്‍റെ പ്രചാരണത്തിന്‍റെ തുടക്കം. കോട്ടമൈതാനി വരെ നടത്തിയ റോഡ് ഷോയിൽ നിരവധി പ്രവർത്തകർ അണിചേർന്നു. പച്ചക്കറി മാർക്കറ്റിലും മത്സ്യ മാർക്കറ്റിലും എത്തി രാഹുൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. മുതിർന്ന പാർട്ടി നേതാക്കളെയും മത നേതാക്കളെയും സന്ദർശിച്ചും രാഹുൽ വോട്ട് ഉറപ്പിക്കുന്നുണ്ട്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പാലക്കാട്ട് വലിയ മുന്നേറ്റമുണ്ടാക്കിയ മെട്രോമാന്‍ ഇ ശ്രീധരനെ പൊന്നാനിയിലെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷമാണ് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്‌ണകുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് സ്ഥാനാര്‍ഥി പാലക്കാട് മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രമുഖ വ്യക്തികളേയും പ്രധാന പ്രവര്‍ത്തകരേയും സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു. കല്‍പ്പാത്തി, മൂത്താന്‍തറ, അയ്യപുരം, നൂറണി എന്നിവിടങ്ങളിലായിരുന്നു തിങ്കളാഴ്‌ച പ്രചാരണം നടത്തിയത്.
വൈകീട്ട് നാലിന് പാലക്കാട് നഗരത്തില്‍ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ നടന്നു. താരേക്കാട് ജങ്ക്ഷനില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ സ്‌റ്റേഡിയം ബസ് സ്‌റ്റാന്‍റ് പരിസരത്ത് സമാപിച്ചു. വരും ദിവസങ്ങളില്‍ ദേശീയ സംസ്ഥാന നേതാക്കള്‍ പാലക്കാട്ട് പ്രചാരണത്തിനെത്തുമെന്ന് സി കൃഷ്‌ണകുമാര്‍ പറഞ്ഞു.
ചരിത്രപ്രസിദ്ധമായ പാലക്കാട് കൽപാത്തി രഥോത്സവത്തിന്‍റെ ഒന്നാം ദിനമായ നവംബർ 13 ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ജില്ലാ ഭരണകൂടത്തിന്‍റെ വീഴ്‌ചയാണെന്ന് സി കൃഷ്‌ണകുമാര്‍ പറഞ്ഞു. വോട്ടെടുപ്പ് ഒന്നാം തേര് ദിവസമായ നവംബർ 13 ൽ നിന്നും മാറ്റി മറ്റൊരു തീയതി പ്രഖ്യാപിക്കണമെന്ന ആവശ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ബിജെപി ആവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി ആ നിലപാടില്‍ ഉറച്ചു നില്‍ക്കും.ബിജെപിക്ക് വലിയ ഭൂരിപക്ഷം കിട്ടിക്കൊണ്ടിരുന്ന കല്‍പാത്തിയിലെ ഒന്നു മുതല്‍ പത്തു വരെ വാര്‍ഡുകളിലെ വോട്ടര്‍മാരെ വോട്ടെടുപ്പ് നാളില്‍ ബൂത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കരുതിക്കൂട്ടി എല്‍ഡിഎഫും യുഡി എഫും ആസൂത്രണം ചെയ്‌തതനുസരിച്ചാണ് ഈ ദിവസം വോട്ടെടുപ്പിന് ജില്ലാ ഭരണകൂടം സമ്മതം മൂളിയതെന്ന് സംശയിക്കുന്നതായും കൃഷ്‌ണകുമാര്‍ പറഞ്ഞു.
പാലക്കാട്ടെ വികസനം ചര്‍ച്ചയാക്കാന്‍ ഭയക്കുന്ന ഇടതു വലതുമുന്നണികള്‍ വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കൃഷ്‌ണകുമാര്‍ ആരോപിച്ചു. ശോഭാ സുരേന്ദ്രന്‍റെ ബോര്‍ഡുകള്‍ക്ക് തീയിട്ട സംഭവം ബിജെപി ഗൗരവമായാണ് കാണുന്നത്. സംഭവത്തിനു പിന്നില്‍ പ്രവൃത്തിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അധ്യക്ഷന്‍ എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ അതി ശക്തയായ വനിതാ നേതാവാണെന്നും പാലക്കാട്ടെ വിജയത്തിനായി അവര്‍ അതി ശക്തമായി പ്രചാരണം നടത്തുമെന്നും കൃഷ്‌ണദാസ് പറഞ്ഞു.
പാലക്കാട്ടെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌ത് തെരഞ്ഞെടുപ്പ് നേരിടാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഭയമാണ്. പാലക്കാട് നഗരസഭ മോദി സര്‍ക്കാരിന്‍റെ പിന്തുണയോടെ മണ്ഡലത്തിൽ ചെയ്‌ത വികസന പ്രവര്‍ത്തനം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടി പാലക്കാട്ട് താമര വിരിയിക്കുമെന്നും കൃഷ്‌ണകുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
റോഡ് ഷോയിലൂടെ ആയിരുന്നു ഇടത് സ്വതന്ത്ര സ്ഥാനാർഥി സരിന്‍റെയും പ്രചാരണത്തിന്‍റെ തുടക്കം. പിന്നീട് മണ്ഡലത്തിലെ മുതിർന്ന പാർട്ടി നേതാക്കളെയും കർഷക സംഘടന നേതാക്കളെയും സന്ദർശിച്ചു. കണ്ണാടി, കണ്ണനൂർ ജങ്ഷനുകളിൽ പൊതുജനങ്ങളെയും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കണ്ണാടി പാത്തിക്കലിൽ വെച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ കെപി രാജേന്ദ്രൻ സരിന്‍റെ പ്രചാരണത്തിനെത്തി. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ച് വിവിധ മത സാംസ്‌കാരിക പരിപാടികളിലും സരിൻ പങ്കെടുക്കുന്നുണ്ട്.
വലത് വിട്ട് ഇടത്തേക്ക് കളം മാറ്റി ചവിട്ടിയ സരിന്‍റെ മുന്നിൽ, പാർട്ടി പ്രവർത്തകള്‍ക്കിടയിൽ ഇതുവരെ ഉണ്ടായിരുന്ന പ്രതിഛായ ഉൾപ്പെടെ വെല്ലുവിളികൾ ഏറെയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ ഭാഗമായി നിന്ന് നടത്തിയ രാഷ്ട്രീയ വിമർശനങ്ങളിലെ തെറ്റ് ഏറ്റുപറഞ്ഞ് സരിൻ രംഗത്തെത്തിയിരുന്നു. പല വിമര്‍ശനങ്ങളും എന്‍റെ വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ല എന്നും നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാലായിരുന്നു അത്തരം വിമർശനങ്ങളെന്നും സരിൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. നവംബർ 13 നാണ് ഉപതെരഞ്ഞെടുപ്പ്.