കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനം നടത്തി പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബ്. ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണ് കോൺഗ്രസ് സമീപനമെന്ന് ഷാനിബ് ആരോപിച്ചു. പാർട്ടിയിൽ ഏകാധിപതികളെ പോലെയാണ് ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും പെരുമാറുന്നത്. മുറിവേൽക്കപ്പെട്ട ഒരുപാടു പേർ പാർട്ടിക്കകത്തുണ്ട്. അതിലൊരാൾ മാത്രമാണ് താനെന്ന് ഷാനിബ് പറഞ്ഞു.
ഒരുപാട് പേരെ മുറിവേൽപ്പിച്ച് അവരൊക്കെ പാർട്ടി പ്രവർത്തനം നിർത്തി പോയാൽ അതൊന്നും പ്രതിപക്ഷ നേതാവ് അറിയില്ലെന്നും വാട്‌സ്‌ആപ്പിൽ ഷാഫി പറമ്പിൽ അയക്കുന്ന കാര്യങ്ങൾ മാത്രമേ വിഡി സതീശൻ അറിയുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്കുള്ളിൽ എന്ത് നടക്കണമെന്ന് വിഡി സതീശൻ തീരുമാനിക്കുന്നു ഷാഫി പറമ്പിൽ അത് നടത്തിയെടുക്കുന്നു എന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്തയാളാണ് വിഡി സതീശനെന്നും ഷാനിബ് പറഞ്ഞു. വിഡി സതീശന് ധാർഷ്ട്യമാണ്. മുഖ്യമന്ത്രിയാകാൻ എല്ലാവരെയും ചവിട്ടി മെതിച്ച് സതീശൻ മുന്നോട്ട് പോകുന്നു. ഉപതെരഞ്ഞെടുപ്പ് സ്പെഷ്യലിസ്‌റ്റായ സതീശന്‍റെ തന്ത്രങ്ങൾ പാലക്കാട് പാളുമെന്നും ഷാനിബ് മുന്നറിയിപ്പ് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാലക്കാട് ബിജെപിയെ വിജയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് സാഹചര്യം ഒരുക്കുകയാണ്. ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ് വിഡി സതീശൻ. അധികാരത്തിന് വേണ്ടി അദ്ദേഹം എന്തും ചെയ്യുമെന്ന് ഷാനിബ് ആരോപിച്ചു.
അൻവർ വിഷയത്തിൽ കെപിസിസി പ്രസിഡന്‍റ് പറഞ്ഞുവച്ചതിനു ശേഷം സതീശൻ പ്രകോപിപ്പിച്ചു. അൻവറിനെ സതീശൻ എന്തിനാണ് പ്രകോപിപ്പിച്ചത്. പാലക്കാട് ബിജെപിയെ വിജയിപ്പിക്കാൻ സാഹചര്യം ഒരുക്കുകയാണെന്ന് സതീശൻ ചെയ്യുന്നതെന്നും ഷാനിബ് ആരോപിച്ചു.
അതേസമയം പാർട്ടിക്കകത്തെ കുറേ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണ് തന്‍റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ മത്സരിച്ചാൽ ബിജെപിക്ക് ഗുണകരമോ എന്ന് ചർച്ച ചെയ്‌തു. ബിജെപിക്കകത്തു അസ്വാരസ്യം ഉണ്ടെന്ന് മനസിലായി. ഈ സാഹചര്യത്തിൽ സ്വാതന്ത്രൻ ആയി മത്സരിക്കുമെന്നും ഷാനിബ് വ്യക്തമാക്കി.