കണ്ണൂര്‍ : സവിശേഷമായ ആചാരാനുഷ്‌ടാനങ്ങള്‍ പോലെ തന്നെ കുടകിലെ ഭക്ഷണ രീതിക്കുമുണ്ട് പ്രത്യേകത. കുടകില്‍ പോയി കടുംപുട്ടും പന്നിക്കറിയോ മസാലക്കറിയോ കൂട്ടിക്കഴിച്ച് എല്ലാമായി എന്ന് കരുതരുത്. രുചികരമായ മറ്റൊരാഹാരം നിങ്ങളെ കാത്തിരിപ്പുണ്ട്. പാപ്പുട്ട് എന്ന് പേരുള്ള പാലുപോലെ വെളുത്ത പലഹാരം.
വെളുപ്പായത് കൊണ്ടാണോ പാപ്പുട്ട് എന്ന പേര് ഇതിന് വന്നതെന്ന് അറിയില്ല. അതിഥി സത്‌കാരത്തിനും വിശേഷാവസരങ്ങളിലുമാണ് പാപ്പുട്ട് പ്രധാനമായും നല്‍കാറുള്ളത്. ആവിയില്‍ വേവിച്ചെടുക്കുന്ന കേരളത്തിന്‍റെ അരിറൊട്ടിയോട് കിടപിടിക്കുന്ന ഈ കൂര്‍ഗി വിഭവം കഴിച്ചാല്‍ നാവില്‍ നിന്നും മനസില്‍ നിന്നും രുചി വിട്ടു പോകില്ല. പ്രഭാത ഭക്ഷണമായും അത്താഴത്തിനും ഉപയോഗിച്ചു വരുന്ന പാപ്പുട്ട് കുടക് ബന്ധമുളള മലയാളി വീടുകളില്‍ അപൂര്‍വമായി എത്തിയിട്ടുണ്ടെങ്കിലും രുചിയില്‍ നാം പിറകില്‍ തന്നെയാണ്.
കുടകില്‍ കൃഷിചെയ്യുന്ന നെല്ലരി തന്നെയാണ് പാപ്പുട്ടിന്‍റെ നിറത്തിലും രുചിയിലും വേറിട്ട് നില്‍ക്കുന്നത്. എന്നാല്‍ ലഭ്യമാവുന്ന പച്ചരി കൊണ്ടും ഈ പലഹാരം ഉണ്ടാക്കാം. രണ്ട് മണിക്കൂര്‍ വെളളത്തില്‍ കുതിര്‍ത്ത് വച്ച അരിയാണ് തരിയായി പൊടിച്ചെടുക്കേണ്ടത്.
പൊടിച്ചെടുക്കുന്നത് മുതല്‍ നല്ല കരുതല്‍ വേണം പാപ്പുട്ടുണ്ടാക്കാന്‍. അരിപ്പൊടി നേര്‍ത്തു പോകരുത്. തരിയില്‍ നിന്നും പൂര്‍ണമായും അവ മാറ്റി വച്ചിരിക്കണം. ഈ തരി എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ശേഷം ആ വെള്ളം മാറ്റി തരി മുങ്ങിക്കിടക്കും വിധം വീണ്ടും വെള്ളം ഒഴിക്കണം. ഈ വെള്ളത്തില്‍ മധുരത്തിനായി അല്‍പം പഞ്ചസാരയും ചിരകിയെടുത്ത നാളികേരവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വയ്‌ക്കുക.
ഒരിഞ്ച് ഉയരമുളള സ്റ്റീല്‍ പ്ലേറ്റുകളില്‍ നെയ്യ് തടവിയെടുത്ത ശേഷം തരിയും നാളികേരവും ചേര്‍ന്ന മിശ്രിതം ഒഴിക്കുക. മിശ്രിതം നിറച്ച ഓരോ പ്ലേറ്റും വേര്‍തിരിക്കാന്‍ അവയ്ക്ക് മുകളില്‍ നേരിയ രണ്ട് തണ്ട് വച്ച് വീണ്ടും വീണ്ടും ഇതു പോലെ നിരത്താം. അതിന് ശേഷം ഒന്നിച്ച് ഇവയെല്ലാം ആവിയില്‍ അരമണിക്കൂര്‍ വേവിച്ചാല്‍ പാപ്പുട്ട് റെഡി.
ചൂട് തീര്‍ത്തും ആറും മുമ്പോ പിന്നീടോ ഇഷ്‌ടാനുസരണം ചിക്കന്‍, മട്ടന്‍, മുട്ട എന്നീ കറികള്‍ക്കൊപ്പമോ സസ്യ ഭക്ഷണക്കാര്‍ക്ക് വെജിറ്റബിള്‍ കുറുമ, മസാലക്കറി എന്നിവക്കൊപ്പമോ കഴിക്കാം. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണം എന്നതിനാല്‍ വിശപ്പിനെ ഏറെ നേരം അകറ്റി നിര്‍ത്താമെന്നതും ശരീര ഭാരം കുറക്കാന്‍ പറ്റുന്ന ഭക്ഷണം എന്ന നിലയിലും പാപ്പുട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.