തിരുവനന്തപുരം: കരാറുകാരെ പിരിച്ചുവിട്ടപ്പോൾ ചിലർക്ക് പൊള്ളി എന്ന് പറഞ്ഞത് കടകംപള്ളിയെ ഉദ്ദേശിച്ചല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അലംഭാവം കാണിച്ച കരാറുകാരെ പിരിച്ചുവിടുക എന്ന ശക്തമായ നിലപാട് സർക്കാർ സ്വീകരിച്ചു. അത് നാടിനു ഗുണം ചെയ്‌തു. ഇപ്പോൾ ആക്ഷേപിക്കാൻ ശ്രമിക്കുന്നവരൊക്കെ നാളെ ഇതിന്‍റെ ഗുണഭോക്താക്കൾ ആകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം എക്‌സാലോജിക് വിഷയത്തിൽ നേരത്തെ പറഞ്ഞതിനേക്കാൾ കൂടുതൽ ഒന്നും പറയാനില്ലെന്നും മന്ത്രി വ്യക്തമാക്കി. തലസ്ഥാനത്തെ റോഡ് പണി പുരോഗമിക്കികയാണ്. ഇന്നും ഒരു റോഡ് തുറന്നു കൊടുത്തു. സമയ ബന്ധിതമായി റിവ്യൂ നടത്തി പണി നടത്തുന്നുണ്ട്. ഏറ്റ പ്രവർത്തി പൂർത്തിയാക്കാതെ എത്ര വമ്പൻ കമ്പനിക്കാണെങ്കിലും മുന്നോട്ടു പോകാൻ കഴിയില്ല. മുൻ കരാർ കമ്പനിയെ ടെർമിനേറ്റ് ചെയ്‌ത നടപടി ശരിയാണെന്ന് കാലം തെളിയിക്കും. നേരത്തെ കരാർ എടുത്തവർ നല്ല ഉഴപ്പായിരുന്നു. അത് വലിയ പ്രയാസം സൃഷ്‌ടിച്ചു. അതിൽ സർക്കാർ ശക്തമായ നിലപാട് എടുത്തു. അതേസമയം കേന്ദ്ര ബജറ്റിനെ കുറിച്ച് കൂടുതൽ പഠിച്ചിട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ടൂറിസത്തിനുവേണ്ടി എന്തൊക്കെ സാധ്യതകൾ ഉണ്ട് ആ സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം-നാവായിക്കുളം റിംഗ് റോഡ് യാഥാർത്ഥ്യമാക്കും: വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമ ഘട്ടത്തിലാണന്നും എന്ത് പ്രതിസന്ധികൾ ഉണ്ടായാലും പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനം ആവശ്യപ്പെട്ടത് പ്രകാരം ദേശീയപാത നിലവാരത്തിലുള്ള റിംഗ് റോഡിനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. 45 മീറ്റർ പ്രധാനപാതയായും 25 മീറ്റർ സർവീസ് പാതയുമായാണ് പദ്ധതി നടപ്പിലാക്കുക . ഇതിൽ സർവീസ് റോഡിന്‍റെ നിർമാണ ചെലവ് കേരളം ഏറ്റെടുക്കണമെന്നാണ് കേന്ദ്ര നിലപാട്. എന്നാൽ കേരളത്തിന്‍റെ അവസ്ഥ പരിഗണിച്ചുകൊണ്ട് സർവീസ് റോഡ് നിർമാണം കേന്ദ്രം ഏറ്റെടുക്കണം എന്നാണ് കേരളം അഭ്യർത്ഥിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
45 മീറ്റർ പ്രധാന പാതയുടെ ഭൂമി ഏറ്റെടുക്കൽ ചെലവിൽ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് പുറമേ നിർമാണ വസ്‌തുക്കളുടെ ചരക്ക് സേവന നികുതി, റോയൽറ്റി എന്നിവ സംസ്ഥാനം ഒഴിവാക്കണമെന്നും വ്യവസ്ഥയുണ്ട് . ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സർവീസ് റോഡിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ചർച്ച നടത്താൻ ഒരുങ്ങുന്നത്.
ഔട്ടർ റിംഗ് റോഡിന് സംസ്ഥാനത്തിന് 1600 കോടി രൂപയിലധികം ബാധ്യതയാണ് വരുന്നത് . ഭൂമി ഏറ്റെടുക്കലിനായി 930 കോടി, ചരക്ക് സേവന നികുതി ഒഴിവാക്കുന്നതിനായി 211 കോടി, റോയൽറ്റി ഒഴിവാക്കുന്നതിനായി 11 കോടി രൂപ, സർവീസ് റോഡിന്‍റെ നിർമ്മാണത്തിനായി 471 കോടി രൂപ എന്നിങ്ങനെയാണ് ചെലവ് വരുന്നത്. സർവീസ് റോഡിന്‍റെ ചെലവായ 471 കൊണ്ട് രൂപ കേന്ദ്രസർക്കാർ വഹിക്കണമെന്നാണ് കേരള സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ പദ്ധതി മുഖ്യമന്ത്രിയുടെ മുൻഗണന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും എന്തൊക്കെ പ്രതിസന്ധി ഉണ്ടെങ്കിലും പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലം - ചെങ്കോട്ട ഹൈവേ, എറണാകുളം ബൈപാസ് എന്നിവ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളും സർക്കാർ സ്വീകരിച്ചു വരുന്നുണ്ടെന്നും ഇവയ്ക്കായ് 741 കോടി രൂപയാണ് അധിക ബാധ്യതയായി വരുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ കെ ആൻസലൻ, ഐ ബി സതീഷ് എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.