തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ.സരിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് സരിനെതിരെ നടപടി സ്വീകരിച്ചതെന്ന് കെപിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. പാലക്കാട് ഇടത് പക്ഷത്തിന്‍റെ ഭാഗമാകാന്‍ താത്‌പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സരിന്‍ നടത്തിയ വാര്‍ത്ത സമ്മേളനം തുടരുന്നതിനിടെയാണ് നടപടി.
ഗുരുതരമായ സംഘടന വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സരിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയത്. ഇതോടെ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ സരിന്‍റെ പേര് സജീവ ചര്‍ച്ചയായേക്കും.
സരിന്‍റെ സ്ഥാനാര്‍ഥിത്വം ഇടത് നേതാക്കളാരും ഇതുവരെ നിഷേധിച്ചിട്ടില്ല. പാലക്കാട് പിവി അന്‍വറും തന്‍റെ പുതിയ പാര്‍ട്ടിയായ ഡെമോക്രാറ്റിക് കേരള പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നു. സരിനെ തന്‍റെ പാളയത്തിലെത്തിക്കാന്‍ അന്‍വര്‍ നീക്കങ്ങള്‍ ആരംഭിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് താന്‍ ഇടതിനോടൊപ്പമെന്ന് സരിന്‍ തന്നെ വ്യക്തമാക്കുന്നത്.
സരിന്‍റെ നയം കൂടി വ്യക്തമായ ശേഷം ബാക്കി തീരുമാനിക്കാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും ഇന്ന് പ്രതികരിച്ചിരുന്നു. അതേസമയം, ഇന്ന് ചേരുന്ന സിപിഐ നേതൃയോഗത്തില്‍ വയനാട് സ്ഥാനാര്‍ഥിയെ തീരുമാനിക്കും. പിന്നാലെ സിപിഎം നേതൃയോഗങ്ങളും എല്‍ഡിഎഫ് യോഗവും ചേരും. ഇതിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കുന്നതാണ് എല്‍ഡിഎഫിന്‍റെ രീതി.
പാലക്കാട്ട് രാഹുൽ ജയിക്കും: രമേശ് ചെന്നിത്തല
പാലക്കാട് രാഹുൽ മാങ്കൂട്ടത്തില്‍ ജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരെയും പരിഗണിക്കാൻ പറ്റില്ലെന്നും ചെന്നിത്തല പറഞ്ഞു. സരിനുമായി താൻ സംസാരിച്ചതാണ്. ഇനിയും അവസരങ്ങൾ കിട്ടുമെന്ന് താൻ പറഞ്ഞതാണ്. സരിൻ വിഷയം പാലക്കാട് ബാധിക്കില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാഹുൽ ഷാഫിയുടെ സ്ഥാനാർഥിയല്ല കോൺഗ്രസിന്‍റെ സ്ഥാനാർഥിയാണെന്നും ചെന്നിത്തല വ്യക്തമാക്കി. യുവാക്കൾക്കും സ്ത്രീകൾക്കും അവസരം കൊടുക്കുന്നത് പാർട്ടിയുടെ നയമാണ്. മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിക്കുകയാണെങ്കിൽ ആദ്യം പ്രതിഷേധിക്കേണ്ടത് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ഇടത് സ്ഥാനാര്‍ഥായായി പാലക്കാട് മത്സരിക്കുമെന്ന് സരിൻ പറഞ്ഞിട്ടില്ലെന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തില്‍. പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. അദ്ദേഹം ഒടുവിൽ സംസാരിച്ചതും കോൺഗ്രസുകാരനായിട്ടാണ് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സരിനുമായി നേരത്തെ ഫോണിൽ വിളിച്ചിരുന്നുവെന്നും അദ്ദേഹം പിന്തുണ അറിയിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഒരു രാഷ്‌ട്രീയ പ്രവർത്തകന്‍റെ മൂലധനം വിശ്വാസ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിൽ രാഹുല്‍ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു. ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ ഹാരാർപ്പണ്ണം നടത്തി. ഇന്ന് രാവിലെയാണ് രാഹുൽ പുതുപ്പള്ളിയിലെത്തിയത്. പിസി വിഷ്‌ണുനാഥ്, കെസി ജോസഫ് തുടങ്ങിയവരും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
വി ഡി സതീശനെ അപമാനിക്കുന്നത് ശരിയല്ലെന്നും സരിൻ മലർന്നു കിടന്ന് തുപ്പുകയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. സതീശൻ മികച്ച നിയമസഭ സാമാജികനാണ്. ഇരുവരെയും ആളുകൾ വിലയിരുത്തുന്നുണ്ട്. സമാനതകളില്ലാത്ത പ്രവർത്തനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി വി അൻവറിൻ്റെ പിന്തുണയെ തള്ളിക്കളയുന്നില്ല. അൻവർ ഏറ്റവും കൂടുതൽ അപമാനിച്ചത് കോൺഗ്രസിനെയും രാഹുൽഗാന്ധിയേയുമാണ്. ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി കൃത്യവും കാര്യക്ഷമവുമായി കോൺഗ്രസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 2019 ൽ രാഹുൽഗാന്ധി നേടിയതിലും ഭൂരിപക്ഷത്തിൽ ഇത്തവണ പ്രിയങ്ക ഗാന്ധി വിജയിക്കുമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.