കോട്ടയം: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിന് തമിഴ്‌നാടിൻ്റെ അനുമതി ആവശ്യമില്ലന്ന് മുൻ കേന്ദ്ര മന്ത്രി പി സി തോമസ്. കേന്ദ്ര ഡാം രജിസ്റ്ററിൽ ഡാമിൻ്റെ ഉടമസ്ഥാവകാശം കേരളത്തിനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഡാം നിർമിക്കാൻ കേരളത്തിന് സാധിക്കും.
തമിഴ്‌നാട് സര്‍ക്കാരിനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് കൊണ്ടാണ് കേരളത്തിന് ഡാം നിര്‍മിക്കാന്‍ സാധിക്കാത്തത്. തമിഴ്‌നാടിൻ്റെ സമ്മതത്തോടെ പുതിയ ഡാം ഉണ്ടാകില്ല. പുതിയ ഡാം നിര്‍മാണത്തെ ഏതെങ്കിലും പാര്‍ട്ടി പിന്തുണച്ചാല്‍ അവരുടെ ജനപിന്തുണ കുറയും.
അതുകൊണ്ട് തമിഴ്‌നാട് ഒരിക്കലും പുതിയ ഡാമിന് പിന്തുണ നല്‍കില്ല. അതിനാൽ കേരള സർക്കാർ തീരുമാനമെടുത്ത് നടപ്പാക്കണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു. കേരളത്തിൻ്റേതാണ് ഡാം എന്ന വിധി 2012ൽ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിധി തുടർ നടപടികള്‍ക്ക് സഹായകരമാകുമെന്നും പി സി തോമസ് പറഞ്ഞു.
മുല്ലപ്പെരിയാർ ഉൾപ്പെടെ നാല് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന് കേന്ദ്ര ഡാം രജിസ്റ്ററിൽ തെറ്റായി ചേർത്തത് തിരുത്തിക്കാൻ താൻ കേസ് നൽകിയതിലൂടെ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തിയതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് കണ്ടുപിടിക്കാന്‍ അന്വേഷണം വേണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു.
വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ കേരള ജനത ഭീതിയിലാണ്.
അതിനാൽ പുതിയ ഡാമിന് കേരളം തുടർ നടപടികളെടുക്കണം. ഉടമസ്ഥാവകാശം സംബന്ധിച്ച് 2012 ലെ ഹൈക്കോടതി വിധി ഉള്ളതിനാൽ തമിഴ്‌നാടിന് എതിർപ്പ് ഉണ്ടാക്കുവാൻ കഴിയില്ലയെന്നും പി സി തോമസ് കൂട്ടിച്ചേര്‍ത്തു.
Also Read: 'മുല്ലപ്പെരിയാർ വിഷയം ധീരമായി നേരിടും, മാറ്റി പണിയല്‍ അത്ര എളുപ്പമല്ല': എംഎം മണി