തിരുവനന്തപുരം : ജസ്‌ന മരിയ ജെയിംസ് തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയലിന്‍റേതാണ് ഉത്തരവ്. ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് നൽകിയ ഹർജിലാണ് കോടതി വിധി പറഞ്ഞത്.
ജസ്‌നയ്‌ക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. ജസ്‌ന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്നുമാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിൽ ചില തെളിവുകള്‍ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറുമാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് പിതാവ് ആവശ്യപ്പെട്ടത്. പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിന് തയാറാണെന്നായിരുന്നു സിബിഐ നിലപാട്. ജസ്‌നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചശേഷമാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
2018 മാർച്ച് 20നാണ് ജസ്‌നയെ പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് കാണാതാകുന്നത്. ബന്ധുക്കളുടെ പരാതി ലഭിച്ചത് മുതൽ കേരളത്തിനകത്തും പുറത്തും പൊലീസ് വലിയ രീതിയിൽ അന്വേഷണം നടത്തിയിരുന്നു.