തിരുവനന്തപുരം: മാനന്തവാടി എംഎൽഎ ഒ ആർ കേളു പട്ടികജാതി, പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലി കൊടുത്തു. 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്‌താണ് അദ്ദേഹം അധികാരമേറ്റത്. 500 പേർ ചടങ്ങിൽ പങ്കെടുത്തു.
പത്ത് വർഷത്തോളം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റായുള്ള പ്രവർത്തനത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുളള ഒ ആർ കേളു സിപിഎം സംസ്ഥാന സമിതി അംഗമാണ്. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്‌ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് പുതിയ മന്ത്രി അധികാരമേറ്റത്. ഇതോടെ വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രി കൂടി ആയിരിക്കുകയാണ് ഒ ആർ കേളു.
കെ രാധാകൃഷ്‌ണൻ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകളിൽ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പാണ് ഒ ആർ കേളുവിന് കൈമാറിയത്. ദേവസ്വം വകുപ്പ് വിഎൻ വാസവനും പാർലമെന്‍ററി കാര്യം എംബി രാജേഷിനുമാണ് നൽകിയിട്ടുള്ളത്. പുതിയ മന്ത്രിക്ക് മുൻമന്ത്രി കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകൾ പൂർണമായി കൈമാറാത്തതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശനം ഉയർത്തിയിരുന്നു. ചടങ്ങിന് ശേഷം രാജ് ഭവനിൽ ഒരുക്കിയ ചായ സൽക്കാരത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു.
Also Read: ഒ ആർ കേളു പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി