തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ യു ഡി എഫ് തരംഗം നിലനിൽക്കുന്നുവെന്നും 20-ൽ 20 ലോക്‌സഭ സീറ്റും നേടുമെന്നും അവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്താകെയും കോണ്‍ഗ്രസിനും ഇന്ത്യാമുന്നണിക്കും അനുകൂലമായ തരംഗമുണ്ടെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും വര്‍ഗീയ ഫാഷിസ്‌റ്റ് സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
മതേതര ജനാധിപത്യ സര്‍ക്കാരിനെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ച് ഇന്ത്യയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തില്‍ യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പിന്‍റെ പരാജയം ഉറപ്പായപ്പോള്‍ പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു.
അതേസമയം പ്രധാനമന്ത്രിയെയും ബി ജെ പിയെയും നാണിപ്പിക്കുന്ന അധിക്ഷേപമാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ പിണറായി വിജയനും സി പി എമ്മും പ്രചരിപ്പിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.
രാജ്യത്ത് ക്രൈസ്‌തവ ദേവാലയങ്ങളും ക്രൈസ്‌തവരും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. കേരളത്തില്‍ എത്തുമ്പോള്‍ ക്രൈസ്‌തവരെ ചേര്‍ത്തുപിടിക്കുമെന്ന് പറയുന്നവരുടെ നേതൃത്വത്തിലാണിത് നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കുന്നതും വര്‍ഗീയതയ്ക്കും ഫാഷിസത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതുമാകണം വോട്ടെടുപ്പെന്നും വി ഡി സതീശൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.