തിരുവനന്തപുരം : ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകൾ ആഹ്വാനം ചെയ്‌ത സംസ്ഥാന വ്യാപക പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സർവീസ് സംഘടനകളും ബിജെപി അനുകൂല സംഘടനയായ ഫെറ്റോയും ഉൾപ്പടെയാണ് പണിമുടക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഡിഎ കുടിശ്ശിക തീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം (Govt Employees State Wide Protest) .
യുഡിഎഫ് അനുകൂല വിദ്യാഭ്യാസ മേഖലയിലെ സംഘടനകളും സമരത്തിൽ പങ്കുചേരും. അടിയന്തര സാഹചര്യത്തിൽ അല്ലാതെ അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സർക്കാർ സമരത്തെ പ്രതിരോധിക്കാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി ആവശ്യത്തിന് ചികിത്സയും ആശുപത്രികളും കിട്ടാതെ രോഗക്കിടക്കയിലാണ്. ആരോഗ്യ ഇൻഷുറൻസ് വിഹിതം ശമ്പളത്തിൽ നിന്നും പിടിക്കുന്ന സർക്കാർ അവർക്ക് അർഹമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും സംഘടനകള്‍ ആരോപിക്കുന്നു (Opposition Employees Organizations).
അഞ്ച് സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് സംഘടനകള്‍ പറയുന്നു. പങ്കാളിത്ത പെൻഷനിലുള്ള ജീവനക്കാർ അടച്ച വിഹിതത്തിൽ നിന്നും 3540 കോടി രൂപ ഏകപക്ഷീയമായി സർക്കാർ വായ്‌പ എടുത്തു. കൂടാതെ കേരളത്തിൽ സിവിൽ സർവീസിനെ തകർക്കാനായി ഗൂഢശ്രമം നടത്തുകയാണ്. പൊതുജനങ്ങൾക്ക് ഇതിലൂടെ ലഭ്യമാകേണ്ട സേവനങ്ങള്‍ അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷ സംഘടനയായ യുണൈറ്റഡ് ടീച്ചേഴ്‌സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ ആരോപിച്ചു (Protest Against Kerala Govt).