കണ്ണൂര്‍: ഓപ്പറേഷന്‍ എലഫന്‍റിന്‍റെ ഭാഗമായി ആറളം ഫാമില്‍ നിന്നും തുരത്തിയ കാട്ടാനകള്‍ വീണ്ടും തിരിച്ചെത്തിയെന്ന് നാട്ടുകാര്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആറളം ഫാമില്‍ നിന്നും ആദിവാസ പുനരധിവാസ മേഖലയില്‍ നിന്നുമായി 50 ലേറെ കാട്ടാനകളെയാണ് പദ്ധതിയുടെ ഭാഗമായി വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്. പദ്ധതി വിജയിക്കുമോയെന്ന ആശങ്ക നേരത്തെ തന്നെ നിലനിന്നിരുന്നു.
ആശങ്ക നിലനില്‍ക്കവേയാണ് ആനകളുടെ തിരിച്ചുവരവ്. ഫാമിലെ 7, 10, 11, 13 ബ്ലോക്കുകളില്‍ കുട്ടിയാനകള്‍ ഉള്‍പ്പെടെ എത്തുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രികാലങ്ങളില്‍ പടക്കം പൊട്ടിച്ചാണ് പ്രദേശവാസികള്‍ ആനകളെ തുരത്തുന്നത്. ഇവ വനത്തിലേക്ക് മടങ്ങാതെ ആറളം പഞ്ചായത്തിലെ വനമേഖലയില്‍ നിലയുറപ്പിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത് അതിര്‍ത്തികളില്‍ സോളാര്‍ തൂക്കൂവേലി നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നും പരാതികള്‍ ഉയരുന്നുണ്ട്.
വേനല്‍ മഴ ലഭിച്ചതിന് പിന്നാലെ പഞ്ചായത്ത് അതിര്‍ത്തികളില്‍ കാട്ടുമുള്ളുകളും പുല്ലുകളും വളര്‍ന്നിരിക്കുകയാണ്. നിലം ചതുപ്പാകുകയും ചെയ്‌തതോടെ ഇനി ആനകളെ കാട്ടിലേക്ക് തുരത്തുക അസാധ്യമാണ്. അതേസമയം ചീങ്കണ്ണിപ്പുഴ, കക്കുവപ്പുഴ, ആറളം പുഴ എന്നിവിടങ്ങളിലൂടെ ആനകള്‍ വീണ്ടും ഇവിടെ എത്തുകയും ചെയ്യും.
കാലവര്‍ഷം കനക്കുന്നതോടെ ആനകള്‍ കൂടുതല്‍ തിരിച്ചെത്തുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. അതിനിടെ കൊട്ടിയൂര്‍ റേഞ്ചിലെ ആറളം പാലത്തിന് സമീപം ജനവാസ മേഖലയിലേക്ക് എത്തിയ കൊമ്പനാന നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചു. ആറളം വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രദീപിന്‍റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ജീവനക്കാരാണ് ആനയെ ഈ മേഖലയില്‍ നിന്നും തുരത്തിയത്.
Also Read: ഒരു വശത്ത് ഓപ്പറേഷന്‍ എലഫന്‍റ് : മറുവശത്ത് കടുത്ത ആന ശല്യം, കണ്ണൂരിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം