കണ്ണൂര്‍: ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും തിരിച്ചെത്തിയ കാട്ടാനകളെ തുരത്തുന്ന നടപടി ഇന്ന് വീണ്ടും ആരംഭിച്ചു. രണ്ടു പിടിയാനകളും ഒരു കുഞ്ഞും അടങ്ങുന്ന സംഘത്തെ പു:നരധിവാസ മേഖലയിലെ ഒന്ന്, രണ്ട്, അഞ്ച് ബ്ലോക്കുകളില്‍ നിന്നും മാറ്റാനുള്ള നടപടികളാണ് വനംവകുപ്പും ഫാം അധികൃതരും ചേര്‍ന്ന് നടത്തുന്നത്. ഇന്നലെ വൈകീട്ട് ആറളം ഫാമില്‍ തേങ്ങ പറിക്കുന്ന തൊഴിലാളികള്‍ക്ക് നേരെ ആനകള്‍ പാഞ്ഞടുത്തതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും തുരത്തല്‍ നടപപടികള്‍ ആരംഭിച്ചത്.
വളയംചാല്‍-തോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് ആനകളെ കയറ്റിവിടാനാണ് ദൗത്യസംഘം ശ്രമിക്കുന്നത്. വന്യജീവി സങ്കേതത്തിലേക്ക് നേരത്തെ കയറ്റി വിട്ട കാട്ടാനകള്‍ വീണ്ടും തിരിച്ചെത്തുന്നത് വനാതിര്‍ത്തിയിലുള്ള ആറളം-അയ്യംകുന്ന് പഞ്ചായത്തുകളിലെ ജനങ്ങള്‍ ഭീതിയോടെയാണ് കാണുന്നത്. സമീപത്തെ കാടുകളില്‍ മഴ പെയ്‌തതോടെ ആപല്‍ക്കരമായ രീതിയില്‍ കാട്ടുവളളികളും പുല്‍ വര്‍ഗങ്ങളും വളര്‍ന്നിരിക്കയാണ്. ദൗത്യസംഘത്തിന് ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
നേരത്തെ തീരുമാനിച്ച ആനമതില്‍ ഇനിയും പൂര്‍ത്തിയാകാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. വളയംചാല്‍ മുതല്‍ പരിപ്പുതോട് വരെ മാത്രമാണ് ഫെന്‍സിങ് തീര്‍ത്തിട്ടുള്ളത്. എത്രയും വേഗം ഫെന്‍സിങ് പൂര്‍ത്തീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. 37 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ നിര്‍ദേശമുളള ആനമതില്‍ പൂര്‍ത്തീകരിക്കുന്നതോടെ മാത്രമേ ഒരു പരിധി വരെയെങ്കിലും കാട്ടാനശല്യത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയൂ. ഓപ്പറേഷന്‍ എലിഫെന്‍റ് ദൗത്യം വനംവകുപ്പിന്‍റെയും സ്ര്‍ക്കാറിന്‍റെയും മുട്ടുശാന്തി മാത്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്.