കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താനുള്ള രണ്ടാം ദൗത്യവും വിജയകരമായില്ല. ഓപ്പറേഷന്‍ എലഫന്‍റ് എന്ന പരിപാടി താത്ക്കാലികമായി അവസാനിപ്പിച്ചു. അതേസമയം കാടുകയറ്റിയ ആനകള്‍ വീണ്ടും ജനവാസ കേന്ദ്രങ്ങളില്‍ തിരിച്ചെത്തുമെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
കഴിഞ്ഞ മൂന്ന് പൊതു അവധി ദിവസങ്ങളിലായാണ് കാട്ടാനകളെ തുരത്താനുള്ള നടപടി വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചത്. ഇന്നലെ ഏഴ് ആനകളെ കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയിരുന്നു. ഇതുവരെ 14 ആനകളെ വനത്തിലേക്ക് തുരത്തിയെന്നാണ് വനംവകുപ്പുകാര്‍ പറയുന്നത്. രണ്ട് കൊമ്പന്‍മാര്‍ ഉള്‍പ്പെടെ 13 അംഗ ആനകളെ വനത്തിലേക്ക് കടത്താന്‍ ശ്രമിച്ചത് പരാജയപ്പെടുകയായിരുന്നു. ഫാമിലെ ഏഴ്, പത്ത്, പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളില്‍ കുട്ടിയാനകള്‍ ഉള്‍പ്പെടെ ഇവിടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.
രണ്ടാനകളെ മാത്രമേ കാട്ടിലേക്ക് കയറ്റാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു. രാത്രിയായാല്‍ പടക്കം പൊട്ടിച്ചും മറ്റും ജനങ്ങള്‍ ആനകളെ തുരത്തുകയാണ് പതിവ്. കാട്ടിലെ ജലദൗര്‍ലഭ്യവും ആഹാരമില്ലായ്‌മയും ആനകളെ വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കഴിഞ്ഞ മാസം ഇതുപതിന് ചേര്‍ന്ന യോഗത്തില്‍ ആനകളെ കാട്ടിലേക്ക് തുരത്താനും ഫെന്‍സിങ് പൂര്‍ത്തിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ വളയം ചാല്‍ മുതല്‍ പരിപ്പുതോടുവരെ മാത്രമാണ് താത്ക്കാലിക ഫെന്‍സിങ് തീര്‍ത്തത്. ആനമതില്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുകയാണ് യഥാര്‍ത്ഥ മാര്‍ഗ്ഗമെന്ന് ആദിവാസികള്‍ പറയുന്നു.
37 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആനമതില്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഒരു പരിധിവരെയെങ്കിലും ആനശല്യം ഒഴിവാക്കാന്‍ പറ്റൂ. ഇപ്പോഴുള്ള നടപടികൊണ്ട് ജനങ്ങള്‍ താമസിക്കുന്ന മറ്റിടങ്ങളിലേക്ക് ആനകള്‍ക്ക് എത്തിച്ചേരാം. വെള്ളവും ഭക്ഷണവും ലഭിക്കുന്ന ആറളം ഫാം മേഖലയില്‍ ഇവ തിരിച്ചെത്താം. ആനകളുടെ ഇഷ്‌ട വിഭവമായ ചക്കയും ഇവിടെ സുലഭമാണ്.
അതിനാല്‍ തന്നെ ചീങ്കണ്ണിപ്പുഴ, കക്കുവപ്പുഴ, ആറളം പുഴ എന്നിവിടങ്ങളിൽ നിന്ന് ആനകള്‍ക്ക് വീണ്ടും കടന്നെത്താം. ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യം വനംവകുപ്പിന്‍റെയും സര്‍ക്കാറിന്‍റെയും വൃഥാവ്യായാമം മാത്രമാണെന്ന് ആറളം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. തോമസ് ആരോപിക്കുന്നു. കാട്ടാന പ്രതിരോധത്തിന് ഡി.എഫ്. ഒ. വൈശാഖ്, ആറളം വന്യജീവി സങ്കേതം വാര്‍ഡന്‍ ജി. പ്രദീപ്, കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാരും സന്നദ്ധ സംഘവും ഓപ്പറേഷന്‍ എലഫന്‍റില്‍ പങ്കെടുത്തു.