തൃശൂര്‍: ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപയുടെ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. തട്ടിപ്പിന്‍റെ സൂത്രധാരൻ കൂടിയായ മലപ്പുറം കാളികാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. സംസ്ഥാനത്തെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
മൈ ക്ലബ്ബ് ട്രേഡ്‌സ് എന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ആളുകളിൽനിന്ന് പണമായി നേരിട്ട് വാങ്ങുകയും പണം നിക്ഷേപിക്കുമ്പോൾ മൊബൈൽഫോണിൽ അതിനു തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
എംസിടി ആപ്ലിക്കേഷൻ വഴി ലഭിച്ച ഡോളർ എമർ കോയിനിലേക്ക് മാറ്റാൻ ഒത്തു കൂടിയ എറണാകുളത്തെ ഫ്ലാറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസെത്തിയതറിഞ്ഞ് ഫ്ലാറ്റിലുണ്ടായിരുന്ന പ്രതി ഗുണ്ടകളെക്കൊണ്ട് ഫോണിൽ വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സാഹസികമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഇതേ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജേഷ്, അഡ്വ. പ്രവീൺ മോഹൻ, ഷിജോ പോൾ, സ്‌മിത ജോബി എന്നിവരെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. മുഹമ്മദ് ഫൈസലിനെതിരെ തൃശൂർ ജില്ലയിൽ മാത്രം 28 കേസുകളുണ്ട്. കൂടാതെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലും കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Also Read: ഫോറെക്‌സ് ട്രേഡിങ്ങിന്‍റെ പേരില്‍ തട്ടിപ്പ്; വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് നഷ്‌ടമായത് 1.89 കോടി രൂപ