തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്‍റെ മണ്ഡലമായ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വെമ്പായം പഞ്ചായത്തില്‍ യുഡിഎഫ് ഭരണ സമതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായി. യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ജയന്‍, വൈസ് പ്രസിഡന്‍റ് ജഗന്നാഥ പിള്ള എന്നിവര്‍ അവിശ്വാസത്തെ തുടര്‍ന്ന് പുറത്തായി. ഇതോടെ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭരണമുണ്ടായിരുന്ന ഏക പഞ്ചായത്തും നഷ്‌ടമായി.
21 അംഗ വെമ്പായം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് 8 ഉം എല്‍ഡിഎഫിന് 9 ഉം ബിജെപിക്ക് 3 ഉം എസ്‌ഡിപിഐക്ക് ഒരു സീറ്റുമാണുള്ളത്. തെരഞ്ഞെടുപ്പിന് പിന്നാലെ എസ്‌ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിനും യുഡിഎഫിനും 9 വീതം അംഗങ്ങളായി. നറുക്കെടുപ്പില്‍ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും യുഡിഎഫിന് ലഭിച്ചു.
ഈ ഭരണ സമിതിക്കെതിരെ തുടര്‍ച്ചയായി അവിശ്വാസം എല്‍ഡിഎഫ് അവതരിപ്പിച്ചു വരികയായിരുന്നെങ്കിലും ബിജെപി അംഗങ്ങള്‍ വിട്ട് നില്‍ക്കുന്നത് കാരണം പാസാക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ബിജെപി അവിശ്വാസത്തിന് അനുകൂലമായി നിലയുറപ്പിച്ചതോടെ യുഡിഎഫിന് ഭരണം നഷ്‌ടമാവുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തൃശൂര്‍ പൂരം കലക്കിയതിലുള്‍പ്പെടെ സിപിഎം-ബിജെപി കൂട്ടുകെട്ട് ഉണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് വെമ്പായം പഞ്ചായത്ത് ഭരണം അട്ടിമറിച്ചത്. ഇക്കാര്യം പരിശോധിക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാനത്താകമാനമുള്ള സിപിഎം - ബിജെപി അന്തര്‍ധാര വെമ്പായത്ത് മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി പിന്തുണയോടെ ഭരണം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും അഴിമതി ഭരണം ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫും പഞ്ചായത്ത് ആസ്ഥാനമായ വേറ്റിനാട്ട് പ്രകടനം നടത്തി.
പഞ്ചായത്തിലെ കക്ഷി നില
ആകെ 21
എല്‍ഡിഎഫ് - 9
യുഡിഎഫ് - 8
ബിജെപി - 3
എസ്‌ഡിപിഐ - 1
Also Read: 'എഡിജിപിയുടെ ജോലി സംഘപരിവാർ കോ ഓർഡിനേഷന്‍'; പൂരം കലക്കൽ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വി ഡി സതീശൻ