കൊല്ലം : സ്ഥിരം നടന്മാരായ സിനിമാക്കാരെ രംഗത്തിറക്കി രാഷ്ട്രീയ രംഗത്തും പൊതു രംഗത്തും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മത്സരിപ്പിക്കുന്നതില്‍ ഗൗരവ തരമായ ചര്‍ച്ച ഉയര്‍ന്നുവരണമെന്ന് കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍ ഇടിവി ഭാരതിനോട്. രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ഗൗരവമായ തെരഞ്ഞെടുപ്പില്‍ സിനിമ താരങ്ങളുടെ ഗ്ലാമര്‍ ഉപയോഗിച്ച് വോട്ടു നേടാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. മത്സരിക്കുന്ന ഒരു നടന്‍ 8 വര്‍ഷത്തോളമായി എംഎല്‍എയാണ്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളും ജനം വിലയിരുത്തട്ടെ.
2019ലേതിന് സമാനമായി തന്നെ സംഘപരിവാര്‍ സഹയാത്രികനാക്കി ന്യൂനപക്ഷ കേന്ദ്രീകരണത്തിനാണ് സിപിഎം കൊല്ലത്ത് ശ്രമിക്കുന്നതെന്നും അതു വിലപ്പോകില്ലെന്നും പ്രേമചന്ദ്രന്‍ ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം:
- കൊല്ലത്ത് തുടര്‍ച്ചയായി മൂന്നാം ജയം തേടിയിറങ്ങുന്ന താങ്കളുടെ ജയ സാധ്യതകള്‍ എത്രത്തോളമാണ്?
ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരായ ജന വികാരങ്ങളും കഴിഞ്ഞ 10 വര്‍ഷക്കാലം എംപിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ചേര്‍ന്നുള്ള വളരെ അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. നല്ല ഭൂരിപക്ഷത്തോടു കൂടി വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണെനിക്കുള്ളത്.
- രണ്ട് സിനിമ-സീരിയല്‍ താരങ്ങളോടാണ് ഏറ്റു മുട്ടുന്നത്. ഇത് താങ്കളുടെ ആത്മവിശ്വാസം ചോര്‍ത്തുന്നുണ്ടോ
ഇക്കാര്യത്തില്‍ ഗൗരവതരമായ ചര്‍ച്ച ഉയര്‍ന്നുവരണം എന്നാണ് എന്‍റെ അഭിപ്രായം. ഈ രാജ്യത്തിന്‍റെ ഭാവി ഭാഗധേയം നിര്‍ണയിക്കപ്പെടുന്ന സുപ്രധാനമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പാണിത്. അത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പിനെ അരാഷ്ട്രീയമാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്.
എനിക്കെതിരെ സിപിഎമ്മും ബിജെയും മത്സരിപ്പിക്കുന്നത് രണ്ട് ഫുള്‍ ടൈം ഫിലിം സെലിബ്രിറ്റികളെയാണ്. രണ്ട് സിനിമ താരങ്ങള്‍ക്കിടയ്‌ക്ക് മുഴുവന്‍ സമയവും പൊതു പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തി ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഒരാളാണ് ഞാന്‍. സ്വാഭാവികമായും ഈ ഒരു താരതമ്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നാണ് വിശ്വാസം. അത് എനിക്ക് വളരെ അനുകൂലമാകുമെന്നാണ് എന്‍റെ പ്രതീക്ഷ.
- മത്സരത്തിന്‍റെ വഴി തിരിക്കുക എന്ന ഉദ്ദേശമാണോ നടന്മാരെ രണ്ട് മുന്നണികള്‍ ഇറക്കിയിതിന് പിന്നില്‍ എന്ന് കരുതുന്നുണ്ടോ?
ചര്‍ച്ച വഴി മാറ്റുക എന്നതല്ല സിനിമ നടന്മാരുടെ ഗ്ലാമര്‍ നല്‍കുന്ന ഒരു പൊതു സ്വീകാര്യത സമൂഹത്തിലുണ്ട്. അത് മുതലാക്കി വോട്ടു തേടാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാണ് ഇത്തരത്തിലുള്ള സിനിമാതാരങ്ങളെ കൊണ്ട് നിര്‍ത്തി മത്സരിപ്പിക്കുന്നത്. അതല്ലാതെ അവരുടെ സംഭാവനകള്‍ കണക്കിലെടുത്തോ പൊതുപ്രവര്‍ത്തന രംഗത്ത് അവരുടെ പാരമ്പര്യം കണക്കിലെടുത്തിട്ടോ അല്ലല്ലോ. ഇക്കാര്യം ജനങ്ങള്‍ വിലയിരുത്തട്ടെ.
മത്സരിക്കുന്നതില്‍ ഒരു നടന്‍ 8 വര്‍ഷക്കാലമായി എംഎല്‍എയാണ്. അദ്ദേഹം നിയമസഭാംഗം എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും. ഞാന്‍ പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ 10 വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ വിലയിരുത്തും. അത്തരത്തില്‍ വളരെ അര്‍ഥവത്തായ ഒരു സംവാദം ഇക്കാര്യത്തില്‍ ഉയര്‍ന്നു വരട്ടെ. രണ്ടു മുഴുവന്‍ സമയ നടന്‍മാര്‍ക്കിടയില്‍ പൂര്‍ണമായി പൊതു രംഗത്ത് നില്‍ക്കുന്ന എനിക്ക് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതുമെന്നാണ് എന്‍റെ പ്രതീക്ഷ.
- 2019ല്‍ ശബരിമല അനുകൂല നിലപാട് ചൂണ്ടിക്കാട്ടി ഒരു സംഘപരിവാര്‍ സഹയാത്രികനെന്ന് പ്രചരിപ്പിച്ച് ഒരു ന്യൂനപക്ഷ കേന്ദ്രീകരണത്തിനായിരുന്നു എതിരാളികളുടെ ശ്രമം. ഇപ്പോള്‍ 2024ല്‍ എത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ വിരുന്ന് സത്‌കാരത്തില്‍ പങ്കെടുത്ത സംഭവം ആയുധമാക്കി അതേ പ്രചാരണം വീണ്ടും താങ്കള്‍ക്കെതിരെ എതിരാളികള്‍ നടത്തുകയാണ്?
2019 ന്‍റെ തനിയാവര്‍ത്തനമാണ് ഇപ്പോഴും നടക്കുന്നത്. ഹിന്ദു നാമധാരികളായ പൊതു മണ്ഡലങ്ങളില്‍ അംഗീകാരമുള്ളവരെയെല്ലാം ബിജെപിയാണെന്ന് വരുത്തി അതിലൂടെ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതിന് സിപിഎം ചെയ്യുന്ന ഹീനമായ ഒരു രാഷ്ട്രീയ തന്ത്രമാണ്. ഇതിന്‍റെ ഗുണം ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ബിജെപിക്കാണ്. കാരണം ബിജെപിയെ മഹത്വവത്കരിക്കുകയാണ് ഇതിലൂടെ സിപിഎം ചെയ്യുന്നത്.
ശശി തരൂര്‍, ഞാന്‍, കെ സുധാകരന്‍, വിഡി സതീശന്‍, കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇവരെല്ലാം പോകേണ്ടത് ബിജെപിയിലേക്കാണ് എന്ന നിലയിലാണ് സിപിഎം കേരളത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ആര് സിപിഎമ്മിനെ എതിര്‍ക്കുന്നുവോ അവര്‍ ബിജെപിയിലേക്ക് പോകണം എന്നതാണ് സിപിഎം ലൈന്‍. ഹീനവും നിലവാരമില്ലാത്തതുമായ ഒരു രാഷ്ട്രീയ പ്രചാരണത്തിനാണ് സിപിഎം നേതൃത്വം കൊടുക്കുന്നത്. ഇത് വര്‍ഗീയതയെ വളര്‍ത്താന്‍ വേണ്ടിയാണെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇതു തന്നെയാണ് ത്രിപുരയിലും പശ്ചിമ ബംഗാളിലുമൊക്കെ അവര്‍ സ്വീകരിച്ചു വന്നത്. അതിന്‍റെ ഫലം സിപിഎം അനുഭവിച്ച് കഴിഞ്ഞു.
- പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെ എങ്ങനെയാണ് താങ്കള്‍ വോട്ടര്‍മാരോട് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നത്?
ഇക്കാര്യം നിരവധി തവണ ഞാന്‍ വോട്ടര്‍മാരോട് പറഞ്ഞിട്ടുള്ളതാണ്. സിപിഎം കരുതുന്നത് പോലെ ഒരു ചലനവും അവര്‍ക്ക് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഉണ്ടാക്കാന്‍ സാധ്യമല്ല. സിപിഎമ്മിന് നല്ലപോലെ എന്നെ അറിയാം എനിക്ക് നല്ല പോലെ സിപിഎമ്മിനെ അറിയാം. അവര്‍ ശ്രമിക്കുന്നത് 2019ലെ പോലെ ഒരു ശ്രമമാണ്. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ്.
ഒരു എംപിയെന്ന നിലയില്‍ പാര്‍ലമെന്‍റിലെ പ്രകടനത്തെ കുറിച്ച് അവര്‍ക്ക് ആക്ഷേപം പറയാന്‍ കഴിയില്ല. നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ആക്ഷേപം പറയാന്‍ കഴിയില്ല. നിയോജക മണ്ഡലത്തിലെ സാന്നിധ്യവും പ്രാദേശിക ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലും സംബന്ധിച്ചും ഒന്നും പറയാന്‍ കഴിയില്ല.
ആകെ ചെയ്യാന്‍ കഴിയുന്നത് സംഘിവത്കരിക്കുക എന്നത് മാത്രമാണ്. അതിന് വ്യാജമായ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കാതെ സിപിഎമ്മിന് മറ്റൊന്നും ചെയ്യാനില്ല. അവര്‍ അതു ചെയ്യുന്നു ഞങ്ങള്‍ അതിനെ അവഗണിക്കുന്നു.
- ഈ തെരഞ്ഞെടുപ്പില്‍ സിപിഎം മുഖ്യമായും പ്രചാരണ ആയുധമാക്കിയിരിക്കുന്നത് പൗരത്വ പ്രശ്‌നമാണ്?
കേരളത്തില്‍ ബിജെപി കഴിഞ്ഞാല്‍ വര്‍ഗീയവത്കരണത്തിന് ശ്രമിക്കുന്ന പ്രധാന പാര്‍ട്ടി സിപിഎമ്മാണ്. ഒരു വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിച്ചാലേ അവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്ന സ്ഥിതി വന്നിട്ടുണ്ട്. അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കല്ലുവച്ച നുണ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത്.
ആ ബില്ല് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമ്പോള്‍ അവതരണാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് അവതരണ വേളയില്‍ നിരാകരണ പ്രമേയവുമായി തന്നെ അതിനെ എതിര്‍ത്ത് ലോക്‌സഭയില്‍ പ്രസംഗിച്ചയാളാണ് ഞാനും ശശി തരൂരും. ഒരു സിപിഎമ്മുകാരനെ പോലും അവിടെ കണ്ടില്ല. അതിന് ശേഷം വോട്ടിനിട്ടു നിരാകരണ പ്രമേയം തള്ളി.
പിന്നെ ബില്ല് ചര്‍ച്ചയ്‌ക്കെടുത്തു. പൊതു ചര്‍ച്ചയില്‍ ഞങ്ങള്‍ അതിശക്തമായി ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. മുസ്‌ലീം അമുസ്‌ലീം എന്ന വേര്‍തിരിവ് ഭരണ ഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നും മൗലികമായ ഭരണ ഘടനയ്‌ക്കെതിരാണെന്നും ഞങ്ങള്‍ ശക്തമായി വിമര്‍ശിച്ചു.
പക്ഷേ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ ബില്ലു പാസായി. പാസാകുന്നത് വരെ ഒരക്ഷരം മിണ്ടാത്ത മുഖ്യമന്ത്രി ഇപ്പോള്‍ പൗരത്വ നിയമത്തില്‍ കല്ലുവച്ച പച്ച നുണ നാവില്‍ നിന്നും ഇറക്കി വിടുകയാണ്. മുഖ്യമന്ത്രിയാണ് എന്ന ധാരണ പോലുമില്ലാതെ. അദ്ദേഹത്തിന്‍റെ പ്രചാരണം കൊല്ലത്ത് തന്നെ പൊളിഞ്ഞല്ലോ. ഇത്തരത്തില്‍ മുഖ്യമന്ത്രി യുഡിഎഫിനെതിരെ പ്രചരണം നടത്തുന്നത് ഞങ്ങള്‍ക്ക് എന്തുകൊണ്ടും വളരെ വളരെ ഗുണമാണ്.
- കേന്ദ്രത്തിനെതിരായ പ്രചാരണത്തിനൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും ഉയര്‍ത്തുമെന്നാണ് എല്‍ഡിഎഫ് പറയുന്നത്?
സംസ്ഥാന സര്‍ക്കാരിന്‍റെ ഏത് നേട്ടങ്ങളാണ് അവര്‍ക്ക് ഉയര്‍ത്തിക്കാട്ടാനുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതല്ലാതെ മറ്റേതെങ്കിലും വികസന പ്രവര്‍ത്തനം ഇവര്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ. ഈ സര്‍ക്കാരിന് ജനമധ്യത്തില്‍ ഇറങ്ങാന്‍ കഴിയാത്ത തരത്തിലുള്ള അഴിമതി, ആര്‍ഭാടം, കെടുകാര്യസ്ഥതയും നിറഞ്ഞ് നില്‍ക്കുന്നു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടിലാണ്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പൗരത്വ നിയമ വിഷയവുമായി അദ്ദേഹം ഇറങ്ങിയിരിക്കുന്നത്.
ചര്‍ച്ച അതിലേക്ക് തിരിക്കാനാണ് ശ്രമം. ഞങ്ങള്‍ അതിന് തയ്യാറല്ല. പിണറായി സര്‍ക്കാരിനെതിരായ ജനവികാരം കൂടി ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. സിപിഎം മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് ചിഹ്നം സംരക്ഷിക്കാനാണെങ്കില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ഈ രാജ്യത്തെ രക്ഷിക്കാനാണ്.
- കോണ്‍ഗ്രസിന് തുടര്‍ച്ചയായി ആദായ നികുതി നോട്ടിസ് നല്‍കുന്നതിനെ എങ്ങനെ കാണുന്നു?
ശരിയായ രാഷ്ട്രീയ ഫാസിസമാണ് ഇന്ത്യയില്‍ നടക്കുന്നത്. പ്രതിപക്ഷ പ്രസ്ഥാനങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ച ശേഷം ഒരു നാണവുമില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. കേന്ദ്ര സര്‍ക്കാര്‍ തികച്ചും ഫാസിസ്റ്റ് മുഖം കൈവരിച്ചിരിക്കുന്നു. ഇതിനെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ എതിര്‍ത്ത് തോല്‍പ്പിക്കും.
പ്രധാനമന്ത്രിക്ക് ആത്മവിശ്വാസം നഷ്‌ടപ്പെട്ടു എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിത്. ജനാധിപത്യവും മതേതരത്വവും അസ്‌തമിച്ച ഒരു രാജ്യത്ത് അത് വീണ്ടെടുക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ മത്സരിക്കുന്നത്.
- രാഹുല്‍ ഉത്തരേന്ത്യയില്‍ നിന്ന് ബിജെപിക്കെതിരെ മത്സരിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന വാദത്തെ എങ്ങനെ കാണുന്നു?
തികച്ചും ബാലിശമായ വാദമാണിത്. അദ്ദേഹം വയനാട്ടിലെ സിറ്റിങ് അംഗമാണ്. അത്ര ഉയര്‍ന്ന രാഷ്ട്രീയ ബോധവും മതേതര ബോധവുമുണ്ടെങ്കില്‍ സിപിഎം വയനാട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ് ചെയ്യേണ്ടത്. ബിജെപിയുടെ പ്രധാന ശത്രു സിപിഎമ്മോ സിപിഎമ്മിന്‍റെ പ്രധാന ശത്രു ബിജെപിയോ അല്ല. ബിജെപിയും സിപിഎമ്മും കേരളത്തില്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടില്ലാതായാല്‍ തങ്ങള്‍ ഇരുവരും നേരിട്ടേറ്റുമുട്ടുന്ന സ്ഥിതിയുണ്ടാകുമെന്നാണ്.
അപ്പോള്‍ ന്യൂന പക്ഷത്തിന്‍റെ പിന്തുണയോടെ പിടിച്ചു നില്‍ക്കാമെന്ന് സിപിഎമ്മും ഭൂരിപക്ഷത്തിന്‍റെ പിന്തുണയോടെ കടന്നു കൂടാമെന്ന് ബിജെപിയും കരുതുന്നു. ഇതു രണ്ടും നടക്കാന്‍ പോകുന്നില്ല.
- ഇത്തവണ യുഡിഎഫിന് എത്ര കിട്ടും?
20 സീറ്റും കിട്ടും. അതിന് അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ന് കേരളത്തില്‍ നില നില്‍ക്കുന്നത്.