കണ്ണൂർ: മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന എംവി നികേഷ് കുമാറിന്‍റെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. നികേഷിന്‍റെ രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയവും പാര്‍ട്ടി സിപിഎമ്മുമാണെന്നതില്‍ സംശയമില്ലെങ്കിലും അദ്ദേഹം ഏത് തലത്തില്‍ പ്രവര്‍ത്തിക്കും എന്നതിലാണ് വ്യക്തത വരാനുള്ളത്.
നികേഷ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സിപിഎം നേതാക്കളാരും വ്യക്തമായി പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയത്തിലിറങ്ങാന്‍ നികേഷ് തെരഞ്ഞെടുത്ത സമയത്തെ ആസ്‌പദമാക്കി ചര്‍ച്ചകള്‍ പലതും നടക്കുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ഇനിയും 2 വര്‍ഷം കൂടി ബാക്കിയുണ്ട്. അടുത്ത ഡിസംബറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പും ഏതാനും ഉപതെരഞ്ഞെടുപ്പുകളുമാണ് അതിനിടെ വരാനുള്ളത്.
പാര്‍ലമെന്‍ററി രംഗത്തേക്കാണ് പാര്‍ട്ടി നികേഷിനെ പരിഗണിക്കുന്നതെങ്കില്‍ ഉപതെരഞ്ഞെടുപ്പുകളിലായിരിക്കും സാധ്യത. ആലത്തൂര്‍ സംവരണ മണ്ഡലമായത് കൊണ്ടു തന്നെ ബാക്കിയുള്ള നിയമസഭ മണ്ഡലം പാലക്കാടാണ്. പിന്നെയുള്ളത് വയനാട് ലോക്‌സഭ സീറ്റാണ്. അതാണെങ്കില്‍ സിപിഐയുടെ സീറ്റാണ്. പൊതു സമ്മതനെന്ന നിലയില്‍ പ്രിയങ്കക്കെതിരെ മത്സരിക്കാന്‍ നികേഷിനെ ഇടതുമുന്നണി പരീക്ഷിക്കുമോ അതോ പാലക്കാട്ടേക്ക് സിപിഎം സ്ഥാനാര്‍ഥിയായി നിയോഗിക്കുമോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ ഉപശാലകളിലും നടക്കുന്നുണ്ട്.
സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങാതെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്ന പാര്‍ട്ടിക്കാരന്‍ എന്ന പ്രതിഛായ നികേഷിന് ദോഷമാകുമെന്ന് കരുതുന്നവരുണ്ട്. മുമ്പും മാധ്യമ മേഖല വിട്ട് രാഷ്ട്രീയ പ്രവേശം നടത്തിയിട്ടുള്ള നികേഷിനെതിരെ സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍ എന്ന വിമര്‍ശനം സിപിഎമ്മിലെ ചില കോണുകളില്‍ നിന്ന് നേരത്തേ തന്നെ ഉയര്‍ന്നിട്ടുണ്ട്.
പൊതുജനങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബന്ധം നഷ്‌ടമാകുന്നു എന്ന വിമര്‍ശനം ശക്തമാകുമ്പോള്‍ നികേഷിനെപ്പോലെ സെലിബ്രിറ്റി പരിവേഷമുള്ളവരെ രംഗത്തിറക്കുന്നത് രണ്ടാമതൊന്ന് ആലോചിച്ച് വേണമെന്ന് വാദിക്കുന്നവരും സിപിഎമ്മിലുണ്ട്. അതേസമയം മാധ്യമ പ്രവര്‍ത്തന രംഗത്ത് നിന്ന് രാഷ്ട്രീയത്തിലെത്തുന്നവര്‍ക്ക് നന്നായി ക്ഷോഭിക്കാനാവുമെന്നും നികേഷിന്‍റെ പരിചയം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും കരുതുന്നവരും ഉണ്ട്.
നികേഷിന്‍റെ ജൂനിയറായിരുന്ന വീണ ജോര്‍ജ് നിയമസഭാംഗമെന്ന നിലയിലും മന്ത്രിയെന്ന നിലയിലും നല്ല പ്രകടനം കാഴ്‌ച വയ്‌ക്കുന്നത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചകളിലും മറ്റും സിപിഎമ്മിനെ ന്യായീകരിക്കുന്നതിന് നികേഷ് കാട്ടിയ താത്‌പര്യം കാണാതെ പോകരുതെന്നതാണ് ഇവരുടെ വാദം. ഒപ്പം നികേഷിനെപ്പോലെ എല്ലാത്തരക്കാര്‍ക്കും അറിയുന്നയാളിനെ ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തലുകളില്ലാതെ അവതരിപ്പിക്കാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
28 വർഷത്തെ മാധ്യമപ്രവർത്തന ജീവിതത്തിന് വിരാമമിട്ടാണ് നികേഷ് കുമാര്‍ റിപ്പോർട്ടർ ടിവിയിലെ റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് ചുമതലയിൽ നിന്നൊഴിഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിലൂടെ ആയിരുന്നു നികേഷിന്‍റെ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ തുടക്കം. 2003ല്‍ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് നികേഷ് കുമാര്‍ മാധ്യമ പ്രവർത്തന ജീവിതത്തില്‍ നിന്ന് വിട വാങ്ങിയത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പു വേളയിലും നികേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തനം വിട്ട് രാഷ്ട്രീയത്തിലിറങ്ങിയിരുന്നു. അന്ന് എൽഡിഎഫ് സ്ഥാനാർഥിയായി അഴീക്കോട് മത്സരിച്ചെങ്കിലും മുസ്‌ലീം ലീഗ് സ്ഥാനാർഥി കെഎം ഷാജിയോട് പരാജയപ്പെട്ടിരിന്നു. ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും വടകരയിലും ഒക്കെ നികേഷ് സ്ഥാനാര്‍ഥിയായി വന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
എംവി നികേഷ് കുമാര്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ആകുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ മാധ്യമ ഉപദേഷ്‌ടാവാകുമെന്നുമൊക്കെ പല അഭ്യൂഹങ്ങള്‍ ഇത്തവണയും പരക്കുന്നുണ്ട്.
രണ്ട് വര്‍ഷം അകലെ നില്‍ക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സിപിഎം അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വത്തിലേക്ക് നിയോഗിക്കുമെന്നും പറയപ്പെടുന്നുണ്ട്. സിപിഎമ്മിലെ രണ്ടു ടേം വ്യവസ്ഥ പാലിച്ച് നിലവില്‍ പാര്‍ലമെന്‍ററി രംഗത്തുള്ള പലര്‍ക്കും 2026 ല്‍ മാറി നില്‍ക്കേണ്ടി വരും. മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ എഎന്‍ ഷംസീറും ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നവരാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നിലവില്‍ എംഎല്‍എയാണ്.
പാര്‍ലമെന്‍ററി രംഗത്ത് കണ്ണൂര്‍ ജില്ലയില്‍ത്തന്നെ നിരവധി ഒഴിവുകളാണ് വരാനിരിക്കുന്നത്. പാര്‍ട്ടി രംഗത്തും കണ്ണൂര്‍ ജില്ലയില്‍ വലിയ തലമുറ മാറ്റം വരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. ഈയടുത്ത കാലം വരെ കണ്ണൂര്‍ സിപിഎമ്മിനെ നിയന്ത്രിച്ചിരുന്ന നേതൃനിരയിലെ പ്രധാനികള്‍ ജയരാജന്‍മാരായിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഇപി ജയരാജന്‍, പി ജയരാജന്‍, എംവിജയരാജന്‍ എന്നിവര്‍ക്ക് പാര്‍ട്ടിയിലുള്ള മേധാവിത്വം പതുക്കെ കുറഞ്ഞു വരികയാണെന്ന് നിരീക്ഷകന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിടി മുറുക്കുമെന്ന സൂചനകളുമുണ്ട്. നിലവിലെ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ കൂടി കണ്ണൂര്‍ സിപിഎമ്മിലെ നേതൃസ്ഥാനത്തേക്ക് വരാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് നികേഷ് കുമാറിന്‍റെ പേര് കൂടി ചേരുന്നത്. സിപിഎം കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗമായി നികേഷ് എത്താനുള്ള സാധ്യത കൂടുതലാണ്.
എന്തായാലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ മുൻ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ വച്ച് ട്രോളർമാരും വലിയ യാത്രയയപ്പ് ആണ് നികേഷിന് നൽകുന്നത്. അച്ഛന്‍ സിഎംപി നേതാവായി യുഡിഎഫില്‍ നില്‍ക്കുമ്പോള്‍ നിഷ്‌കരുണം അദ്ദേഹത്തെ വേട്ടയാടിയ സിപിഎമ്മുമായി നികേഷിന് എങ്ങിനെ സന്ധി ചെയ്യാനാകുമെന്ന ചോദ്യം വിമര്‍ശകരും ഉയര്‍ത്തുന്നു. കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്‍റേയും സിവി ജാനകിയുടെയും മകനായി 1973 മെയ് 28നാണ് എം വി നികേഷ് കുമാറിന്‍റെ ജനനം.
Also Read: 'ജയരാജന്‍റെ അവസ്ഥ പരമ ദയനീയം'; സോഷ്യല്‍ മീഡിയയില്‍ മനു തോമസ്-പി ജയരാജന്‍ വാക്‌പോര്