തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിന്‍റെ പ്രാരംഭ നടപടികൾക്കായി 5 അംഗ ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ ചെയർമാനായ കമ്മിഷനെയാണ് നിയോഗിച്ചത്.
രത്തൻ യു ഖേൽക്കൽ ഐഎഎസ്, കെ ബിജു ഐഎഎസ്, എസ് ഹരികിഷോർ ഐഎഎസ്, കെ വാസുകി ഐഎഎസ് എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങൾ. 2025 ലെ പൊതുതെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വാർഡുകളുടെയും ഡിവിഷനുകളുടെയും അതിർത്തി നിർണയവും വിഭജനവും പൂർത്തിയാക്കാനുള്ള ശ്രമങ്ങളുടെ ആദ്യ പടിയായാണ് നീക്കം.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമ്മിള മേരി ജോസഫ് ഐഎഎസ് ആണ് വിജ്ഞാപനം പുറത്തിറക്കിയത്. അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുൻപ് തദ്ദേശ അവാർഡ് വിഭജനം പൂർത്തിയാക്കുമെന്ന് വകുപ്പ് മന്ത്രി എം ബി രാജേഷ് നിയമസഭയ്ക്ക് അകത്തും പുറത്തും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2025 അവസാന പാതിയിലാകും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുക.