എറണാകുളം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീയുടെ മൃതദേഹം പ്രതിഷേധക്കാരിൽ നിന്നും പൊലീസ് ബലം പ്രയോഗിച്ച് ഏറ്റെടുത്തു. കാട്ടാന ആക്രമണത്തിൽ ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധം തുടരുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് മൃതദേഹം ഏറ്റെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കുകയും സമര പന്തൽ പൊളിച്ചു മാറ്റുകയും ചെയ്‌തു. നേര്യമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മോർച്ചറിയിൽ നിന്നും കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ബലമായി എടുത്തു കൊണ്ടുപോയിരുന്നു. തുടർന്നായിരുന്നു കോതമംഗലം നഗരത്തിൽ പ്രതിഷേധം തുടങ്ങിയത്.
എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്യത്തിൽ പൊലീസിനെ തള്ളി മാറ്റിയാണ് ആശുപത്രിയിൽ നിന്നും മൃതദേഹം എടുത്ത് കൊണ്ടുപോയത്. തുടർന്ന് ഫ്രീസർ എത്തിച്ച് പ്രതിഷേധം തുടരുകയായിയിരുന്നു. അതേസമയം ജനങ്ങളുടെ കൈയ്യിൽ നിന്നും പൊലീസ് മൃതദേഹം തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ പ്രതിഷേധം തുടങ്ങിയ ഉടനെ പ്രതികരിച്ചു.
വീട്ടുകാരിൽ നിന്നും അനുമതി വാങ്ങിയ ശേഷമാണ് തങ്ങൾ പ്രതിഷേധത്തിനിറങ്ങിയതെന്നും ഉത്തരവാദിത്തപ്പെട്ട മന്ത്രിയെത്തി ഉറപ്പ് നൽകിയാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മാത്യു കുഴൽനാടൻ, എംഎൽഎ ഡീൻ കുര്യാക്കോസ് എംപി എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ ഇൻക്വസ്‌റ്റ് നടപടികൾ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു.
വനംമന്ത്രിയുൾപ്പടെ സ്ഥലത്ത് എത്തണമെന്നും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. അതേസമയം നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് ഇന്ന് രാവിലെ കാട്ടാന ആക്രമണത്തിൽ മരിച്ചത്. കൂവ വിളവെടുപ്പിനിടെ ആന ആക്രമിക്കുകയായിരുന്നു. രാവിലെ എട്ടര മണിയോടെയാണ് സംഭവം നടന്നത്.
വീടിനോട് ചേർന്ന കൃഷിയിടത്തിൽ അപ്രതീക്ഷിതമായി കാട്ടാനയെത്തിയപ്പോൾ വയോധികയായ ഇന്ദിരയ്ക്ക് ഓടി മാറാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഇന്ദിരയെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാട്ടാന ശല്യത്തിനെതിരെ നാട്ടുകാർ സ്ഥിരമായി പ്രതിഷേധിക്കാറുള്ള പ്രദേശം കൂടിയാണിത്.