കാസർകോട്: മുപ്പത്തിയൊന്നു വർഷം ഗുമസ്‌തനായി ജോലി ചെയ്‌തു. പിന്നീട് പഠിച്ച് വക്കീൽ ആകണമെന്ന ആഗ്രഹം സാക്ഷാത്കരിച്ചു. മൂന്ന് പതിറ്റാണ്ടോളം വക്കീൽ ഗുമസ്‌തനായി ജോലി ചെയ്‌ത അമ്പത്തിരണ്ടുകാരൻ പി ഗംഗാധരൻ ഇപ്പോൾ വക്കീലാണ്. ഇനി കോടതി മുറിയിൽ ന്യായത്തിൻ്റെ പക്ഷത്ത് നിന്ന് അദ്ദേഹത്തിൻ്റെ ശബ്‌ദം ഉയർന്നു കേൾക്കും.
അദ്ദേഹം ധരിച്ച കറുത്ത ഗൗണിനു ഒരുപാട് അധ്വാനത്തിൻ്റെ കഥ പറയാനുണ്ട്. ഗുമസ്‌ത ജോലിക്കിടയിൽ ബിരുദവും തുടർന്ന് എൽഎൽബിയും പഠിച്ചാണ് ഗംഗാധരൻ അഭിഭാഷകനായി എൻറോൾ ചെയ്‌തത്. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്താണ് സ്വദേശം. 1992 മുതലാണ് ഗംഗാധരൻ ഗുമസ്‌ത ജോലിയിൽ എത്തിയത്.
ഹൊസ്‌ദുർഗ് ബാറിലെ അഭിഭാഷകരായിരുന്ന എ മമ്മൂട്ടി, കെ കെ ജീവാനന്ദ്, എ അബ്‌ദുൽ കരീം, ടി വി അനിൽകുമാർ എന്നിവർക്കൊപ്പം ജോലി ചെയ്‌തു. ഇതിനിടയിലും നല്ല അഭിഭാഷകൻ ആകുക എന്ന ലക്ഷ്യം മനസിൽ കൊണ്ടുനടന്നു. 2019 ൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് ബിഎ മലയാളം പാസായി.
2020 ഡിസംബറിൽ സുള്ള്യ കെവിജി ലോ കോളേജിൽ എൽഎൽബിക്ക് ചേർന്നു. ഈ മൂന്നുവർഷം മാത്രം ഭാഗികമായി ജോലിയിൽ നിന്ന് മാറി നിന്നു. പുലർച്ചെ 5.45 ന് കാഞ്ഞങ്ങാട് നിന്നുള്ള കെഎസ്ആർടിസി ബസിലും സ്വന്തം ബൈക്കിൽ ഇരിയ - കാഞ്ഞിരടുക്കം വഴിയുമെല്ലാം ഏറെ കഷ്‌ടപ്പെട്ടാണ് ദിവസവും കോളജിൽ എത്തിയത്.
ഗുമസ്‌തനായി ജോലി ചെയ്‌ത ഓഫീസിൽ തന്നെ അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്യാനാണ് ഇദ്ദേഹത്തിൻ്റെ തീരുമാനം. ഗംഗാധരൻ്റെ ഈ വളർച്ച മറ്റുള്ളവർക്കും പ്രചോദനം ആണെന്ന് സഹപ്രവർത്തകർ പറയുന്നു. കേരളാ ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കുമ്പോൾ ഗംഗാധാരനും കുടുംബത്തിനും സന്തോഷം അടക്കാൻ കഴിഞ്ഞില്ല.
Also Read: എണ്ണിയാൽ തീരില്ല ഈ ബിരുദങ്ങൾ; 80-ാം വയസിൽ വീരസ്വാമിയുടെ കയ്യിലുണ്ട് 20 ബിരുദാനന്തര ബിരുദം