ആലപ്പുഴ : മാനനഷ്‌ടത്തിന് കേസ് ഫയൽ ചെയ്‌തത് സ്വാഗതം ചെയ്യുന്നുവെന്ന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. കെ സി വേണുഗോപാലിന്‍റെ ഈ പരിപ്പ് ഒന്നും ആലപ്പുഴ പാർലമെന്‍റ് മണ്ഡലത്തിൽ താൻ വേവിപ്പിക്കില്ലെന്നും കോടതിയിൽ പോകാൻ എന്തിന് 20 ദിവസം സമയമെടുത്തെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു.
താൻ ആരോപണമുന്നയിച്ചത് മൂന്നാഴ്‌ചകൾക്ക് മുൻപാണ്. ഇന്നലെ സെക്രട്ടേറിയറ്റിൽ നിന്ന് മേജർ മൈനിങ്ങിന്‍റെ ഫയലുകൾ നഷ്‌ട്ടപ്പെട്ടു. ഫയലുകൾ മുഖ്യമന്ത്രിയും കെ സി വേണുഗോപാലും ചേർന്ന് നഷ്‌ടപ്പെടുത്തി. ഇതിനുശേഷമാണ് വേണുഗോപാൽ കേസിനു പോയതെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് വേണുഗോപാലിനെതിരെ ശോഭ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പരാതി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസ് ഫയൽ ചെയ്‌തത്. അതേസമയം ഏപ്രില്‍ 16ന് സാക്ഷികളുടെ മൊഴിയെടുക്കും. എംഎല്‍എ അഡ്വ മാത്യു കുഴൽനാടനായിരുന്നു കെ സി വേണുഗോപാലിന് വേണ്ടി ഇന്നലെ ഹാജരായത്.
ALSO READ: കേരളത്തിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് സ്‌റ്റണ്ടെന്ന് കെ സി വേണുഗോപാല്‍ - KC Venugopal Over ED Probe
രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്ന കെ സി വേണുഗോപാല്‍ കോടികള്‍ സമ്പാദിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ പരാമർശം. ഇരുവരും തമ്മില്‍ പലതരത്തിലുള്ള ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതില്‍ ഉള്‍പ്പെടുന്ന ഒരാളാണ് ആലപ്പുഴയിലെ കര്‍ത്തയെന്നുമാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് കെ സി വേണുഗോപാല്‍ പരാതി നല്‍കിയത്.