എറണാകുളം: ഇന്ത്യൻ നാവികസേനയുടെ ആദ്യ എംഎച്ച് 60 ആർ ഹെലികോപ്റ്റർ സ്ക്വാഡ്രൺ ആയ ഐഎൻഎഎസ് 334 സീ ഹോക്ക് നാവികസേന മേധാവി അഡ്‌മിറൽ ആർ ഹരി കുമാറിൻ്റെ സാന്നിധ്യത്തിൽ കമ്മീഷൻ ചെയ്‌തു. കൊച്ചി ഐഎൻഎസ് ഗരുഡയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു ഹെലികോപ്റ്ററുകളുടെ കമ്മീഷനിങ് നടന്നത്. എംഎച്ച് 60 ആർ ഹെലികോപ്റ്റർ ലോകത്തിലെ ശക്തമായ മൾട്ടി റോൾ ഹെലികോപ്റ്ററുകളിലൊന്നാണെന് നാവികസേന മേധാവി അഡ്‌മിറൽ ആർ ഹരികുമാർ പറഞ്ഞു.
ഈ ഹെലികോപ്റ്ററുകൾ നാവികസേനയുടെ ഭാഗമായത് രാജ്യത്തിൻ്റെ നാവിക ശക്തി ഗണ്യമായി വർദ്ധിപ്പിക്കുകയും, ദേശീയ താൽപ്പര്യങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാവികസേനയെ സംബന്ധിച്ചിടത്തോളം,രാജ്യത്തോട് അസന്നിഗ്‌ധമായ പ്രതിബദ്ധതയുണ്ട്. സമുദ്രമേഖലയിൽ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് സേന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐഎൻഎഎസ് 334 കമ്മീഷൻ ചെയ്‌തതിന് നാവികസേന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു, ഐഎൻഎഎസ് 334-ൻ്റെ ജീവനക്കാരോട് കൂടുതൽ മികവിനായി പരിശ്രമിക്കുന്നത് തുടരാനും രാജ്യത്തിൻ്റെ സമുദ്രമേഖലയിലെ സുരക്ഷിതത്വവും സുസ്ഥിരവും നിലനിർത്താനുള്ള ദൗത്യത്തിൽ സജ്ജരായിരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.
ലക്ഷദ്വീപിലെ ഐഎൻഎസ് ജഡായു കമ്മീഷനിങിന് ശേഷം കെച്ചി ഐഎൻഎസ് ഗരുഡയിലെത്തിയ നാവികസേനാ മേധാവിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. കമാൻഡിങ് ഓഫീസർ എം അഭിഷേക് റാം സ്ക്വാഡ്രൻ്റെ കമ്മീഷനിങ് വാറണ്ട് വായിച്ചതിനു ശേഷമാണ് കമ്മീഷനിങ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ദക്ഷിണ നാവിക കമാൻഡ് കമാൻഡിംഗ് ഇൻ ചീഫ് ഫ്‌ളാഗ് ഓഫീസർ വൈസ് അഡ്‌മിറൽ വി ശ്രീനിവാസിൻ്റെ സാന്നിധ്യത്തിൽ നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ
കമ്മീഷനിങ് ഫലകം അനാച്‌ഛാദനം ചെയ്‌തു.
നാവികസേനയുടെ ചരിത്രപരമായ കമ്മീഷനിങ് ചടങ്ങിന് ശേഷം എംഎച്ച് 60 ആർ ഹെലികോപ്റ്ററുകളെ പരമ്പരാഗത വാട്ടർ കാനോൻ സല്യൂട്ട് നൽകി സ്വീകരിച്ചു. വെസ്‌റ്റേൺ നേവൽ കമാൻഡിൻ്റെ ഫ്‌ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് വി എഡ്എം സഞ്ജയ് ജെ സിങ്, നാവികസേന ഡെപ്യൂട്ടി ചീഫ് വി എഡിഎം തരുൺ സോബ്‌തി, നേവൽ ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ വിഎഡിഎം എഎൻ പ്രമോദ്, മറ്റ് ഫ്‌ളാഗ് ഓഫീസർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ നാവികസേനയുടെ കരുത്തായാണ് ഫോറിൻ മിലിറ്ററി സെയിൽസ് പദ്ധതിയുടെ ഭാഗമായി യുഎ സിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്റ്ററുകളിൽ ആറണ്ണെം ദക്ഷിണ നാവികസേനയുടെ ഭാഗമായത്. 2020 ഫെബ്രുവരിയിലാണ് അമേരിക്കയുമായി എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്.
രാജ്യത്തിൻ്റെ സമുദ്രാതിർത്തിക്കുള്ളിൽ പ്രവേശിക്കുന്ന ശത്രു രാജ്യത്തിൻ്റെ അന്തർവാഹിനികളെ മിനിറ്റുകൾക്കകം നശിപ്പിക്കാൻ ഈ ഹെലികോപ്റ്ററിന് കഴിയും. അതേ സമയം ശത്രു താവളത്തിൽ കടന്നു ചെന്ന് ആക്രമണം നടത്തി ഒരു പോറലും ഏൽക്കാതെ മടങ്ങിയെത്താനും ഈ ഹെലികോപ്റ്ററിന് കഴിയും. സമുദ്രോപരിതലത്തിലെ ശത്രു രാജ്യത്തിൻ്റെ കപ്പലുകളെ പോലെ കടലിനടിയിൽ മറഞ്ഞിരിക്കുന്ന അന്തർ വാഹിനികളെയും തിരിച്ചറിഞ്ഞ് ആക്രമിക്കാൻ മിനിറ്റുകൾ മാത്രം മതിയെന്നതാണ് എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററുകളുടെ ഏറ്റവും വലിയ പ്രത്യേകത.
അത്യാധുനിക എഎൽഎഫ് എസ് ഡിപ്പിങ് സോണാറുകളും സോണോ ബോയകളും ഉപയോഗിച്ച് സമുദ്രത്തിൽ എത്ര ആഴത്തിലൂടെ കടന്നുപോകുന്ന അന്തർവാഹിനികളെയും കണ്ടത്തി തകർക്കാനും ഇവയ്ക്ക് കഴിയും. ഒരു മൾട്ടി മിഷൻ ഹെലികോപ്റ്ററായ എംഎച്ച് 60 ആർ സീഹോക്കിനെ പ്രവർത്തന മേഖലയിലെ ആവശ്യകതയെ ആശ്രയിച്ച് ഏത് റോളിനും ഉപയോഗിക്കാനാകും. മുൻകാലങ്ങളിൽ ഏറ്റെടുത്ത ദൗത്യങ്ങളിൽ കൃത്യതയും വൈദഗ്ധ്യവും ഈ ഹെലികോപ്റ്ററുകൾ തെളിയിച്ചിട്ടുണ്ട്.
ഉപയോഗക്ഷമതയുടെ വ്യാപ്‌തി കാരണമാണ് എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററിനെ മൾട്ടി-റോൾ ഹെലികോപ്റ്റർ എന്ന് വിളിക്കുന്നത്. അന്തർവാഹിനികൾക്കെതിരായ ആക്രമണം, ശത്രുക്കളുടെ യുദ്ധക്കപ്പലുകൾക്കെതിരായ ആക്രമണം, സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ, ലോജിസ്റ്റിക് സപ്പോർട്ട്, വ്യക്തിഗത കൈമാറ്റം, മെഡിക്കൽ ഒഴിപ്പിക്കൽ എന്നിവയ്ക്ക് ഹെലികോപ്റ്ററിന് കഴിയും. ഇതുകൂടാതെ ആകാശ കേന്ദ്രീകൃതമായ പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇലക്ട്രോണിക് യുദ്ധത്തിനും ഈ ഹെലികോപ്റ്ററിന് കഴിയും. മടക്കാവുന്ന റോട്ടറുകളും വാലും ഈ ഹെലികോപ്റ്ററിൻ്റെ മറ്റൊരു പ്രത്യേകതയാണ്.
Also Read: കടല്‍ക്കരുത്തിന്‍റെ പര്യായം, ലോകത്തിന് മുന്നില്‍ അഭിമാനമായി ഇന്ത്യന്‍ നാവികസേന
ഈ ഹെലികോപ്റ്ററിന് ചെറിയ സ്ഥലം ഉപയോഗപ്പെടുത്തി പാർക്ക് ചെയ്യാൻ കഴിയും. അതിനാൽ ചെറിയ യുദ്ധക്കപ്പലുകളിൽ എളുപ്പത്തിൽ വിന്യസിക്കാനാകും. പ്രതിരോധ രംഗത്തും യുദ്ധമുഖത്തും ഒരുപോലെ ഫലപ്രദമാണ് എംഎച്ച് 60 ആ സീഹോക്ക് മൾട്ടി റോൾ ഹെലികോപ്റ്ററുകൾ. ഷാഫ‌്, ഫ്ലെയർ എന്നിവ അന്തരീക്ഷത്തിലേക്ക് തുടരെ വർഷിച്ച് ശത്രുവിൻ്റെ റഡാറുകളെയും മിസൈലുളെയും കബളിപ്പിച്ച് സ്വയരക്ഷയ്ക്കുള്ള തന്ത്രവും എംഎച്ച് 60 ആറില്‍ ഉണ്ട്. ശത്രുവിനെ നശിപ്പിക്കാൻ 38 ലേസർ ഗൈഡഡ് റോക്കറ്റുകളും, നാല് എംകെ 54 ടോർപിഡോകളും, യന്ത്രത്തോക്കുകളും, തദ്ദേശ നിർമിത അണ്ടർ വാട്ടർ ബോംബുകളും ഉൾപ്പെടെയുള്ള ആയുധങ്ങളും ഹെലികോപ്റ്ററിലുണ്ട്.