തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമുയർത്തി ദേശീയ നേതാക്കളെയിറക്കി മുന്നണികൾ. രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും നാളെ കേരളത്തിലെത്തുന്നതോടെ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കും. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും നാളെ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് വേണ്ടി പേരൂർക്കടയിൽ പ്രചാരണത്തിനിറങ്ങും.
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ 16 ന് കേരളത്തിലെത്തും. മോദിയെ ഇറക്കി കളം നിറയ്ക്കാനുള്ള ബിജെപിയുടെ നീക്കം ദേശീയ നേതാക്കളെ പ്രാദേശിക പ്രചാരണ പരിപാടികളിൽ ഉൾപ്പെടുത്തി നേരിടാനാണ് എൽഡിഎഫ് യുഡിഎഫ് മുന്നണികൾ ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്താൻ പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തുന്നുണ്ട്.
ഏപ്രില്‍ 15ന് വൈകിട്ട് 6ന് കോഴിക്കോട് യുഡിഎഫ് മഹാറാലിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. തുടർന്ന് ഏപ്രില്‍ 15, 16 തീയതികളില്‍ വയനാട് നിയോജക മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കും. 18 ന് രാവിലെ 10ന് കണ്ണൂരും വൈകിട്ട് 3ന് പാലക്കാടും വൈകിട്ട് 5ന് കോട്ടയം പാര്‍ലമെന്‍റ് നിയോജക മണ്ഡലങ്ങളിലെ സമ്മേളനങ്ങളിലും പങ്കെടുക്കും.
ഏപ്രിൽ 22ന് രാവിലെ 10ന് തൃശൂരും വൈകിട്ട് മൂന്നിന് തിരുവനന്തപുരത്തും വൈകിട്ട് അഞ്ചിന് ആലപ്പുഴയിലുമുള്ള റാലികളിലും രാഹുൽ പങ്കെടുക്കും. രാഹുലിന് വേണ്ടി എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും വയനാട്ടിലെത്തും.
ബിജെപി ക്യാമ്പിന്‍റെ പ്രധാന താര പ്രചാരകനായി പ്രധാനമന്ത്രിയാണെത്തുന്നത്. ഇന്ന് രാത്രി കൊച്ചിയിലെത്തുന്ന മോദി നാളെ രാവിലെ കുന്നംകുളത്തേക്ക് പോകും. തുടർന്ന് നെടുമ്പാശ്ശേരി വഴി തിരുവനന്തപുരത്ത് എത്തിയ ശേഷം കാട്ടാക്കടയിലെ പൊതു പരിപാടിയിലും പങ്കെടുക്കും. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഏപ്രിൽ 16 നു രാവിലെ 10 ന് തിരുവനന്തപുരത്തും ഉച്ചകഴിഞ്ഞ് 2 ന് മട്ടന്നൂര്‍ നിന്നും ഇരിട്ടിയിലേക്കുള്ള റോഡ് ഷോയിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും.
വൈകിട്ട് 4 ന് വടകര മണ്ഡലത്തുള്ള നാദാപുരത്തും 5.30 ന് കോഴിക്കോട് മണ്ഡലത്തിലെ കൊടുവള്ളിയിലേയും പൊതുസമ്മേളനങ്ങളിലും 7.30 ന് പൊന്നാനി മണ്ഡലത്തിലെ താനൂരിലും പങ്കെടുക്കും. മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ എ കെ ആന്‍റണിയെ തലസ്ഥാനം കേന്ദ്രീകരിച്ച് പ്രചാരണ പരിപാടികളിലിറക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.
തിരുവനന്തപുരം ജഗതി വാര്‍ഡ് യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ജഗതിയില്‍ നടത്തുന്ന കുടുംബസംഗമത്തിൽ ആന്‍റണി പങ്കെടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ശശിതരൂര്‍, കെപിസിസി ആക്‌ടിംഗ് പ്രസിഡന്‍റ് എം എം ഹസ്സന്‍, മറിയാമ്മ ഉമ്മന്‍ തുടങ്ങിയവരും പ്രചരണത്തിനെത്തും.
ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്; ദേശീയ നേതാക്കളെ രംഗത്തിറക്കി വോട്ട് പിടിക്കാന്‍ മുന്നണികൾ