പത്തനംതിട്ട: മൂന്നാം തവണയും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു സുസ്ഥിര ഭരണം ഉറപ്പെന്ന് പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണി. ഇതിലൂടെ ഒരു വികസിത ഭാരതവും അതില്‍ കേരളവും പത്തനംതിട്ടയും ഭാഗമാകും എന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണികണ്‌ഠന്‍റെ മണ്ണില്‍ നിന്നും തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങാന്‍ കഴിഞ്ഞത് ജന്മഭാഗ്യമാണെന്നും അയ്യപ്പന്‍റെ അനുഗ്രഹം എനിയ്ക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ചരിത്രപരമായ ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കും എന്ന ഉറച്ച ആത്മവിശ്വാസം എനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പത്തനംതിട്ടയിൽ എത്തിയ അനിൽ ആന്‍റണിക്ക് ബിജെപി ജില്ലാ ഓഫീസിൽ സ്വീകരണം നൽകിയിരുന്നു. പത്തനംതിട്ടയില്‍ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും താൻ മോദിയുടെ സ്ഥാനാർത്ഥിയാണെന്നും ബിജെപി ഒരു പ്രത്യേക വിഭാഗത്തിന്‍റെ പാർട്ടി അല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒന്നില്‍ കൂടുതല്‍ എംപിമാർ ഇത്തവണ കേരളത്തില്‍ നിന്ന് ബിജെപിക്ക് ഉണ്ടാകുമെന്നും ക്രൈസ്‌തവ സഭകളുടെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും അനില്‍ ആൻ്റണി കൂട്ടിച്ചേർത്തു.
തന്‍റെ സ്ഥാനാർത്ഥിത്വത്തെ തുടർന്നുണ്ടായ ചർച്ചകൾ കാര്യമുള്ളതല്ലെന്നും ബിജെപിയുടെ ശക്തരായ നേതാക്കളില്‍ ഒരാളാണ് പി സി ജോർജെന്നും പിസി ജോര്‍ജിന്‍റെ പരാമർശം സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന് തന്നോട് പിണക്കമില്ല. ബിജെപിയുടെ ദേശീയ നേതൃത്വത്തിന്‍റെ കാഴ്‌ചപ്പാടുകള്‍ക്കും നിർദ്ദേശങ്ങള്‍ക്കും അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കും.
പിസി ജോർജും മകൻ ഷോണ്‍ ജോർജും താൻ ഉള്‍പ്പടെയുള്ള കേരളത്തിലെ മുഴുവൻ എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കും. പാർലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചശേഷം വിശ്രമ ജീവിതം നയിക്കുന്ന വ്യക്തിയാണ് എകെ ആന്‍റണി. അദ്ദേഹത്തിന്‍റെയും എന്‍റെയും രാഷ്ട്രീയം വ്യത്യസ്‌തമാണ്. അദ്ദേഹത്തിനോട് ബഹുമാനമുള്ള വ്യക്തിയാണ് താനെന്നും അനില്‍ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. പ്രമുഖ മത സമുദായ നേതാക്കളെയും അനിൽ ആന്‍റണി സന്ദർശിച്ചു.