തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു. എഫ്എസ്എൽ റിപ്പോർട്ട് ഹാജരാക്കാത്തതിനാലാണ് കുറ്റപത്രം വായിക്കുന്നത് മാറ്റിയത്. സംഭവ സ്ഥലത്ത് നിന്നു കണ്ടെത്തിയ സാധനങ്ങളുടെ ശാസ്ത്രീയ റിപ്പോർട്ടാണ് ലഭിക്കേണ്ടിയിരുന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതി കേഡൽ ജിൻസൺ രാജയക്ക് വിചാരണ മനസിലാക്കുവാനുള്ള മാനസികനില ഉണ്ടെന്ന് ആരോഗ്യ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് വിചാരണ നടപടികൾ ആരംഭിക്കുവാനുള്ള പ്രാഥമിക നിയമ നടപടികളിലേക്ക് കോടതി കടക്കുന്നത്. 2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
കേഡൽ ജിൻസൺ രാജ തന്‍റെ മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനേയും അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Also Read: മാന്നാർ കല കൊലപാതകക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം