തിരുവനന്തപുരം : അരുണാചലിലെ സിറോയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുമായി സംസാരിച്ച ഡോൺബോസ്കോ എന്ന പ്രൊഫൈൽ മരിച്ചവരിൽ ഒരാളെന്ന് സംശയം. അന്യഗ്രഹ വാസം ഉൾപ്പെടെയുള്ള മൂഢവിശ്വാസങ്ങൾ ദീർഘനാളായി ആര്യയുമായി ചർച്ച ചെയ്‌തത് ഡോൺബോസ്കോ എന്ന പേരിലുള്ള വ്യാജ അക്കൗണ്ടാണ്. ഇത് ആരുടേതെന്ന് തിരിച്ചറിയാൻ പൊലീസ് ഗൂഗിളിന്‍റെ സഹകരണം തേടിയിരുന്നു. ഇതിലിനിയും വ്യക്തത വരാനുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മരിച്ച നവീന്‍റെ കാറിൽ നിന്നും ലഭിച്ച സാധനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മരിക്കുന്നതിന് മുൻപ് നവീൻ ഭാര്യ ദേവിയോടൊപ്പം അരുണാചൽ സന്ദർശിച്ചിരുന്നു. പർവതാരോഹണത്തിന് ആവശ്യമായ ടെന്‍റ്, വസ്ത്രങ്ങൾ എന്നിവ വാഹനത്തിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.
നവീന്‍റെ മുൻ സന്ദർശനങ്ങളെ കുറിച്ച് അരുണാചൽ പൊലീസും അന്വേഷണം നടത്തി വരികയാണ്. പ്രളയം വന്നു ഭൂമി നശിക്കുമെന്നും അതിന് മുൻപായി അന്യഗ്രഹത്തിലേക്ക് കടക്കണമെന്നും നവീൻ പലരോടും പറഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. നവീനാണോ മുഴുവൻ സംഭവങ്ങളുടെയും മുഖ്യസൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്നു.
വ്യാജ പ്രൊഫൈൽ നവീന്‍റേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ തെളിവുകൾ കൂടി ശേഖരിക്കേണ്ടതുണ്ട്. നവീന്‍റെയും ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പൊലീസ് പരിശോധിച്ച് വരികയാണ്. വ്യാജ പ്രൊഫൈലായ ഡോൺബോസ്കോ ആരെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കു. അരുണാചൽ പൊലീസ് ശേഖരിക്കുന്ന തെളിവുകളും നിർണായകമാകും.
മേയ് 3 നായിരുന്നു മലയാളി ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയേയും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ നവീൻ, ഭാര്യ ദേവി, തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ അധ്യാപിക ആര്യ എന്നിവരാണ് മരിച്ചത്.
ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂൾ അധ്യാപികയാണ്. മെയ് മാസത്തിൽ ആര്യയുടെ കല്യാണം നിശ്ചയിച്ചിരുന്നതാണ്. മാർച്ച് 26 നായിരുന്നു മൂവരും അരുണാചലിലേക്ക് പുറപ്പെട്ടത്. 27 ന് ആര്യയുടെ പിതാവ് അനിൽകുമാർ ആര്യയെ കാണാനില്ലെന്ന് വട്ടിയൂർക്കാവ് പൊലീസ് സ്‌റ്റേഷനിൽ പരാതിയും നൽകിയിരുന്നു. അരുണാചൽ പ്രദേശിലെ സിറോയിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.