പത്തനംതിട്ട : കഴിഞ്ഞവർഷം ഡിസംബറിൽ പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് ഉത്തരവായി. പത്തനംതിട്ട ജില്ല കോടതിയിലെ അഡ്വക്കേറ്റ് നവിൻ എം ഈശോയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിതനായത്. കൊല്ലപ്പെട്ട ജോർജ് ഉണ്ണൂണ്ണിയുടെ വീട്ടുകാർ നൽകിയ അപേക്ഷയെ തുടർന്നാണ് നിയമനം. മൈലപ്രയിലെ പുതുവേലിൽ കടയിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം കട നടത്തിവന്ന വയോധികനെ ക്രൂരമായി കൊലപ്പെടുത്തി സ്വർണവും പണവും കവർന്നശേഷം രക്ഷപ്പെടുകയായിരുന്നു.
കേസിലെ അഞ്ച് പ്രതികളെയും ഒരാഴ്‌ചക്കുള്ളിൽ തന്നെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് വളരെ വേഗം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. കവർച്ച ചെയ്തെടുത്ത സ്വർണം വിൽക്കാൻ സഹായിച്ച നാലാം പ്രതി നിയാസ് അമാന് കോടതി ജാമ്യം നൽകിയിരുന്നു. ബാക്കിയുള്ള പ്രതികൾ ഇപ്പോഴും ജയിലിലാണ്. പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിരസിച്ചു. ഒന്നാം പ്രതി 'ക്വാർട്ടർ' എന്ന് അറിയപ്പെടുന്ന ഹരീബ്, നാലാം പ്രതി നിയാസ് അമാൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. മറ്റു മൂന്ന് പ്രതികളായ മുരുകൻ, മുത്തുകുമാർ, ബബിലു എന്നിവർ തമിഴ്‌നാട്ടുകാരാണ്. മൂവരും നിരവധി കേസുകളിൽ പ്രതികളാണ്.
ജില്ല പൊലീസ് മേധാവി വി അജിത്തിന്‍റെ നിർദേശപ്രകാരം പത്തനംതിട്ട ഡിവൈഎസ്‌പി ആയിരുന്ന എസ് നന്ദകുമാറിൻ്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടന്നത്. പത്തനംതിട്ട പൊലീസ് ഇൻസ്പെക്‌ടർ ആയിരുന്ന ജിബു ജോണിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ ഊർജിത അന്വേഷണത്തിൽ പ്രതികളെ ഉടനടി കുടുക്കാൻ സാധിച്ചു. തുടർന്ന്, പൊലീസ് ഇൻസ്പെക്‌ടർ രഗീഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. പ്രതികളെ അറസ്റ്റ് ചെയ്‌ത ശേഷം തിരിച്ചറിയൽ നടത്തുന്നതിനായി മുഖംമൂടി അണിയിച്ചാണ് തെളിവെടുപ്പും മറ്റും നടത്തിയത്.
ALSO READ: ഐസിയു പീഡനക്കേസ്: മൊഴിയെടുത്ത ഡോക്‌ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്