തിരുവനന്തപുരം: മുൻ മന്ത്രിയും സിഎംപി ജനറൽ സെക്രട്ടറിയുമായിരുന്ന എം വി രാഘവന്‍റ മകനും മാധ്യമ പ്രവർത്തകനുമായ എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി അംഗമായി ഉൾപ്പെടുത്തി. ജില്ല കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായാണ് എം വി നികേഷ് കുമാറിനെ ഉൾപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. ദീർഘകാലമായി മാധ്യമ രംഗത്താണെങ്കിലും കഴിഞ്ഞ പത്ത് വർഷമായി സിപിഎം സഹയാത്രികനായാണ് നികേഷ് പ്രവർത്തിച്ചിരുന്നത്.
റിപ്പോർട്ടർ ടി വി ചാനലിന്‍റെ എഡിറ്റർ ആയിരിക്കെ 2016-ൽ സി പി എം സ്ഥാനാർഥിയായി കണ്ണൂർ ജില്ലയിലെ അഴിക്കോട് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സിറ്റിങ് എംഎൽഎയും ലീഗ് നേതാവുമായ കെഎം ഷാജിയോട് പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത്, ഇനി താൻ മാധ്യമപ്രവർത്തനത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചാനൽ രംഗത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. റിപ്പോർട്ടർ ചാനലിന്‍റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ച് വരികയായിരുന്ന നികേഷ് കുമാര്‍ അടുത്തിടെ മാധ്യമ പ്രവർത്തനം നിർത്തുകയാണെന്നും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ സി പി എം കണ്ണൂർ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം വന്നത്.
സിപിഎം നേതാവായിരുന്ന എംവി രാഘവൻ 1986-ല്‍ ആണ് സിപിഎമ്മിൽ നിന്ന് പുറത്താകുന്നത്. മുസ്ലിം ലീഗുമായി സിപിഎം സഖ്യമുണ്ടക്കണമെന്ന ബദൽ രേഖ, സിപിഎം നേതൃത്വത്തിന്‍റെ എതിർപ്പ് അവഗണിച്ച് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചതാണ് എംവി രാഘവന്‍റെ പുറത്താക്കലിൽ കലാശിച്ചത്. പിന്നാലെ കടുത്ത സിപിഎം വിമർശകനായി മാറിയ എംവിആറിനെ സിപിഎം കായികമായി പോലും നേരിട്ടിരുന്നു.
പുറത്താക്കലിന് പിന്നാലെ 1987-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച എംവിആർ, യുഡിഎഫ് പിന്തുണയോടെ നിയമസഭയിലെത്തി. പിന്നാലെ സിഎംപി രൂപീകരിച്ച എംവിആർ യുഡിഎഫിന്‍റെ ഭാഗമായി.
1991-ൽ കഴക്കൂട്ടത്ത് നിന്നും 2001-ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് രണ്ട് യുഡിഎഫ് മന്ത്രിസഭകളിൽ മന്ത്രിയുമായി. 1967 മുതൽ 1978 വരെ ദീർഘകാലം സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയായും എം വി രാഘവൻ പ്രവർത്തിച്ചിട്ടുണ്ട്.
Also Read : ഇനി സജീവ പൊളിറ്റിക്‌സിലേക്ക്: നികേഷ് കുമാറിന്‍റെ രാഷ്ട്രീയ പ്രവേശനവും കണ്ണൂര്‍ രാഷ്ട്രീയവും