തിരുവനന്തപുരം : എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ വാക്കുകൾ അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കുട്ടികൾക്ക് തെറ്റ് കുറ്റങ്ങളുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകണം. എസ്എഫ്ഐ കേരളത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമാണ്. സ്വതന്ത്ര വിദ്യാർഥി പ്രസ്ഥാനമായ എസ്എഫ്ഐയെ
സംബന്ധിച്ച് പല പാർട്ടികൾക്കും അഭിപ്രായ വ്യത്യാസമുണ്ടാകും.
ഇത് മുൻ കാലങ്ങളിലും ചർച്ചയായിട്ടുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള സംവിധാനം ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങൾ മുഖപ്രസംഗം എഴുതി ആക്ഷേപിക്കുകയാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. കുഴപ്പങ്ങൾ പരിഹരിച്ച് എസ്എഫ്ഐ മുന്നോട്ട് പോകുമെന്ന വിശ്വാസമാണ് ഞങ്ങൾക്കുള്ളത്.
35 പേരെയാണ് എസ്എഫ്ഐയിൽ പ്രവർത്തിച്ചതിന്‍റെ പേരിൽ കൊന്നത്. ഏതെങ്കിലും കോളജിലെ ഏതെങ്കിലും പ്രശ്‌നം പർവതീകരിച്ച് എസ്എഫ്ഐയെ തകർക്കാനുള്ള നീക്കം ജനങ്ങൾ തള്ളി കളയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വസ്‌തുതകൾ കേരളത്തിലെ പാർട്ടി കണ്ടു പിടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പാർട്ടി മെമ്പറും അവ പരിഹരിക്കണം. ജനങ്ങൾക്കിടയിൽ നിന്ന് അകറ്റാനിടയാക്കുന്ന ശൈലി പരിഷ്‌കരിക്കണം. അത് മുഖ്യമന്ത്രിയുടെ ശൈലിയെന്ന് ദുർവ്യാഖ്യാനിക്കേണ്ടെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം രക്ഷാപ്രവർത്തനം എന്ന പരാമർശത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും ന്യായീകരിച്ചു.
ഇ പി യെ കേന്ദ്ര കമ്മിറ്റിയിൽ വിമർശിച്ചില്ല, സ്വർണം പൊട്ടിക്കൽ സംഘങ്ങളെ പാർട്ടി അംഗീകരിക്കില്ല
എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ പേരെടുത്ത് വിമർശിച്ചുവെന്ന വാർത്ത വസ്‌തുത വിരുദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളികളഞ്ഞു എന്ന വാർത്തയും തെറ്റാണ്. കേന്ദ്ര കമ്മിറ്റിയിൽ ഇപി ജയരാജനെതിരെ വിമർശനം ഉയർന്നുവെന്ന തരത്തിലും വാർത്തകൾ വന്നു. ആ ചർച്ചയില്‍ ഇപി പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിൽ പി ജയരാജന്‍റെ മകനെതിരെ മുൻ പാർട്ടി ജില്ല കമ്മിറ്റി അംഗം മനു തോമസ് നടത്തിയ വെളിപ്പെടുത്തലിൽ സ്വർണം പൊട്ടിക്കൽ ക്രിമിനൽ പ്രവർത്തനമാണെന്നും പാർട്ടി യാതൊരു തരത്തിലും ഇത് അംഗീകരിക്കില്ലെന്നുമായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം.