തൃശൂര്‍: എൻഫോഴ്സ്മെന്‍റും ആദായ നികുതി വകുപ്പും ഗുണ്ടായിസമാണ് സിപിഎമ്മിനോട് കാണിക്കുന്നതെന്ന് എം വി ഗോവിന്ദൻ. ബാങ്ക് അക്കൗണ്ടുകൾ എല്ലാം തന്നെ നിയമാനുസൃതമാണ്, അക്കൗണ്ടുകൾ സംബന്ധിക്കുന്ന വിവരം കൃത്യമായി കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപരമായി ചെയ്യാനുള്ളതെല്ലാം ചെയ്യും എല്ലാ ഇടപാടുകളും സുതാര്യമെന്നും അക്കൗണ്ട് മരവിപ്പിച്ച നടപടി നിയമപരമായി കൈകാര്യം ചെയ്യുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ എം വി ഗോവിന്ദൻ പറഞ്ഞു.
തൃശൂരിൽ പ്രധാനമന്ത്രി സ്ഥിരതാമസമാക്കട്ടെയെന്ന് അദ്ദേഹം പരിഹാസമുയര്‍ത്തി. പാനൂർ വിഷയത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നും പാർട്ടി നേതാക്കളാരും സന്ദർശനം നടത്തിയതായി അറിവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാഷ്‌ട്രീയ പക തീര്‍ക്കുകയെന്ന ബിജെപി സര്‍ക്കാരിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായാണ് സിപിഎം തൃശൂർ ജില്ല കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതെന്ന് നേരത്തെ സിപിഎം വ്യക്തമാക്കിയിരുന്നു.
നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും വരവ് - ചെലവ് കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനും, തെരഞ്ഞെടുപ്പ് കമ്മിഷനും ഓരോ വര്‍ഷവും സമര്‍പ്പിക്കാറുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ വ്യക്തമാക്കി.