ന്യൂഡൽഹി: മുതലപ്പൊഴി ഫിഷിങ് ഹാർബര്‍ വികസന പദ്ധതിക്ക് കേന്ദ്ര അനുമതി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയമാണ് അംഗീകാരം നൽകിയത്. 177 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രം അനുമതി നല്‍കിയത്.
60:40 അനുപാതത്തിലാണ് ഹാര്‍ബറിന് ധനസഹായം നൽകുക. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (പിഎംഎംഎസ്‌വൈ) വഴി 106.2 കോടി രൂപയും കേരളത്തിന്‍റെ സംഭാവനയായി 70.8 കോടി രൂപയും നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.
415 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ തുറമുഖത്ത് പ്രവർത്തിക്കാൻ പ്രാപ്തമാക്കും. ഇതോടെ ഏകദേശം 38,142 മെട്രിക് ടൺ മത്സ്യം വാർഷിക ലാൻഡിങ് സുഗമമാക്കും. പദ്ധതി പതിനായിരത്തോളം പേർക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാർഫ് വിപുലീകരണം, റോഡ് മെച്ചപ്പെടുത്തൽ, ഡ്രെയിനേജ്, ലോഡിങ് ഏരിയകൾ, പാർക്കിങ് സൗകര്യങ്ങൾ, ലേല ഹാൾ, ഓവർഹെഡ് വാട്ടർ ടാങ്കുകൾ, തൊഴിലാളികളുടെ വിശ്രമ കേന്ദ്രങ്ങൾ, കടകൾ, ഡോർമിറ്ററി, ലാൻഡ്‌സ്‌കേപ്പിങ് തുടങ്ങിയ സൗകര്യങ്ങളോടെ വിപുലമായ പദ്ധതിയാണ് ഒരുങ്ങുന്നത്.
മേഖലയെ അപകടങ്ങൾ ലഘൂകരിക്കുന്നതിന് ശാസ്‌ത്രീയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മുതലപ്പൊഴിയിലെ തിരമാലകൾ, തീരദേശ വ്യതിയാനങ്ങൾ, ഹൈഡ്രോഡൈനാമിക്‌സ് എന്നിവ പരിശോധിച്ച് പഠനം നടത്തി കേന്ദ്ര ജല - വൈദ്യുത ഗവേഷണ കേന്ദ്രം (സി.ഡബ്ല്യു.പി.ആർ.എസ്.) റിപ്പോർട്ട് സമർപ്പിച്ചു. തുറമുഖത്തിന്‍റെ സുസ്ഥിര വികസനം ഉറപ്പാക്കാൻ കേരളം പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) നടത്തിയിരുന്നു.