കോഴിക്കോട് : സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സിപിഎമ്മിന്‍റെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ ബിജെപിക്ക് സഹായമാവുന്നു. ഇടത് ഇല്ലെങ്കിൽ മുസ്‌ലിങ്ങള്‍ രണ്ടാം തരം പൗരന്മാരാകും എന്നത് തമാശയാണെന്നും അദ്ദേഹം പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സമസ്‌തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴയ്ക്കാൻ സിപിഎം ശ്രമിച്ചു. ഇതിനേറ്റ വലിയ പ്രഹരമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കിട്ടിയത്. ലീഗും സമസ്‌തയും തമ്മിലുള്ള ഹൃദയ ബന്ധത്തെക്കുറിച്ച് സിപിഎം ഇനിയും ഏറെ പഠിക്കാനുണ്ട്.
ജനങ്ങളോട് ശരിയായ രീതിയിൽ രാഷ്ട്രീയം പറയാൻ പറ്റാത്തപ്പോൾ സിപിഎം, തെരഞ്ഞടുപ്പിൽ കാണിക്കുന്ന കുതന്ത്രത്തിന്‍റെ ഭാഗമാണ് പൊന്നാനിയിലെ സ്ഥാനാർഥി നിർണയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ടും വടകരയിലുമൊക്കെ അതിന്‍റെ ഉദാഹരണങ്ങൾ കണ്ടു. കേന്ദ്രമന്ത്രി സഭയിൽ മുസ്‌ലിം പ്രാതിനിധ്യമില്ലാത്തത് അതീവ ഗൗരവമുള്ള കാര്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേര്‍ത്തു.